കോവിഡ് പ്രതിരോധത്തിനായി വേറെ ലെവൽ നടപടികൾ; കേരള മോഡലിന് സുപ്രീംകോടതിയുടെ പ്രശംസ

ന്യൂഡൽഹി: കോവിഡ് 19 രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കേരള സർക്കാർ കൈക്കൊണ്ട നടപടികൾക്ക് സുപ്രീംകോടതിയുടെ അഭിനന്ദനം. കോവിഡ്- 19 പ്രതിരോധത്തിൽ കേരള മോഡൽ അഭിനന്ദനീയമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരാമർശിച്ചത്. കൊറോണ നേരിടാൻ സംസ്ഥാനത്തെ ജയിലുകളിൽ ഒരുക്കിയ സജ്ജീകരണത്തിനാണ് പ്രത്യേക അഭിന്ദനം. കേരളത്തിലെ ജയിലുകൾ നേരത്തെ തന്നെ പ്രതിരോധ നടപടികൾ കൈകൊണ്ടതായി കോടതി വിലയിരുത്തുകയും ചെയ്തു.

കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകൾ സുരക്ഷിതമാണോ എന്ന് പരിശോധിക്കാൻ സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ ആണ് കേരളത്തെ പ്രശംസിച്ചുകൊണ്ടുള്ള കോടതി പരാമർശങ്ങൾ.

കേരളത്തിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ളവരെ ഉടൻ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയും, പുതിയ ജയിൽ അന്തേവാസികളെ ആദ്യം 6 ദിവസം ഐസൊലേഷനിൽ വയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ഇതിനുശേഷം മാത്രമാണ് മറ്റ് ജയിൽ അന്തേവാസികളുമായി ഇടപെടാൻ അനുവദിക്കുന്നത് എന്നും കോടതി നിരീക്ഷിച്ചു.

ഇത്രയേറെ ഫലപ്രദമായ നടപടി കൈക്കൊണ്ട സംസ്ഥാന സർക്കാരിനും ജയിൽ വകുപ്പിനുമാണ് കോടതിയുടെ പ്രത്യേക പ്രശംസ.

Exit mobile version