രജിത് കുമാറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ആളുകൾ കൂടിയതിനെതിരെ ആഞ്ഞടിച്ച് മന്ത്രി ജി സുധാകരൻ

കൊച്ചി: കോവിഡ് 19 മുൻകരുതൽ വിലക്ക് ലംഘിച്ച് ബിഗ് ബോസ് സീസൺ 2 ടിവി ഷോയിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഡോക്ടർ രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആളുകൾ കൂടിയതിനെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.

അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ആംബുലൻസിൽ കൊണ്ടുപോകുന്നത് ഐസലേഷൻ വാർഡിന്റെ ജനാലയിലൂടെ കാണേണ്ടി വന്ന ലിനോ ആബേലിനെപ്പോലെയുള്ളവരുടെ ഇടയിലാണ് കൊച്ചി എയർപോർട്ടിൽ മുഴുവൻ മലയാളികളെയും നാണം കെടുത്തുന്ന സംഭവമുണ്ടായിരിക്കുന്നത്.

ഇതിനെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ച എറണാകുളം ജില്ലാ കളക്ടറുടെ നടപടി ശ്ലാഘനീയമാണ്. കർശനമായ നടപടികളാണ് ഇത്തരക്കാർക്കെതിരെ സ്വീകരിക്കേണ്ടതെന്നും ജി സുധാകരൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു .

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഒരു രോഗത്തെ നാം നേരിടുന്നത് ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗത്തിന്റെ കൂടെ സഹായത്തോടെയാണ്. ലോകത്തെ പല വികസിതരാജ്യങ്ങളിലും സ്വീകരിച്ചതിനേക്കാൾ മികച്ച നടപടികളുമായാണ് ആരോഗ്യവകുപ്പ് ഈ മഹാമാരിയെ നമ്മുടെ സംസ്ഥാനത്ത് നിയന്ത്രിച്ച് നിർത്തിയിരിക്കുന്നത്.

ഈ എയർപോർട്ടിൽ പല വിദേശരാജ്യങ്ങളിൽ നിന്നായി വരുന്നവരെ പരിശോധിച്ച് ഐസൊലേഷൻ വാർഡുകളിലേയ്ക്ക് മാറ്റുന്നതിനായി സർക്കാർ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ചിലരുടെ ഈ പ്രകടനം. കൊച്ചുകുട്ടികളെയടക്കം കയ്യിലെടുത്ത് പിടിച്ചാണ് ചിലർ എയർപോർട്ടിലെത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്.

എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നമുക്ക് നേരിടാൻ സാധിക്കുകയുള്ളൂ എന്നും മന്ത്രി തന്റെ ഫേസ് ബുക്കിലെ കുറിപ്പിലൂടെ ആവശ്യപ്പെടുന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്വന്തം പിതാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ് എന്നറിഞ്ഞായിരുന്നു ലിനോ ആബേൽ ഖത്തറിൽ നിന്നും നാട്ടിലെത്തിയത്. എന്നാൽ കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന സംശയത്തെത്തുടർന്ന് ഇദ്ദേഹം സ്വമേധയാ റിപ്പോർട്ട് ചെയ്തപ്പോൾ ആരോഗ്യവകുപ്പ് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേയ്ക്ക് മാറ്റി. അന്നുരാത്രി അതേ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ വെച്ച് അദ്ദേഹത്തിന്റെ പിതാവ് ആബേൽ മരണത്തിന് കീഴടങ്ങി. അച്ഛന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ആംബുലൻസിൽ കൊണ്ടുപോകുന്നത് ഐസലേഷൻ വാർഡിന്റെ ജനാലയിലൂടെയാണ് ലിനോ കണ്ടത്. പിന്നീട് കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവായതിനെത്തുടർന്ന് പുറത്തുവന്നതിന് ശേഷം സെമിത്തേരിയിൽ പിതാവിന്റെ കല്ലറയ്ക്ക് മുന്നിൽ നിൽക്കുന്ന ലിനോയുടെ ചിത്രം നാമെല്ലാം മാധ്യമങ്ങളിലൂടെ കണ്ടതാണ്.

ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ ഒരു രോഗത്തെ നാം നേരിടുന്നത് ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗത്തിന്റെ കൂടെ സഹായത്തോടെയാണ്. ലോകത്തെ പല വികസിതരാജ്യങ്ങളിലും സ്വീകരിച്ചതിനേക്കാൾ മികച്ച നടപടികളുമായാണ് ആരോഗ്യവകുപ്പ് ഈ മഹാമാരിയെ നമ്മുടെ സംസ്ഥാനത്ത് നിയന്ത്രിച്ച് നിർത്തിയിരിക്കുന്നത്.

അതിനിടയിലാണ് ഇന്നലെ കൊച്ചി എയർപോർട്ടിൽ മുഴുവൻ മലയാളികളെയും നാണം കെടുത്തുന്ന മറ്റൊരു സംഭവമുണ്ടായിരിക്കുന്നത്. ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥി വരുന്നത് പ്രമാണിച്ച് ആയിരക്കണക്കിനാളുകളെ വിളിച്ചുകൂട്ടി ചിലർ സ്വീകരണം നടത്തിയിരിക്കുന്നു. ഈ എയർപോർട്ടിൽ പല വിദേശരാജ്യങ്ങളിൽ നിന്നായി വരുന്നവരെ പരിശോധിച്ച് ഐസൊലേഷൻ വാർഡുകളിലേയ്ക്ക് മാറ്റുന്നതിനായി സർക്കാർ ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് ചിലരുടെ ഈ പ്രകടനം. കൊച്ചുകുട്ടികളെയടക്കം കയ്യിലെടുത്ത് പിടിച്ചാണ് ചിലർ എയർപോർട്ടിലെത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്.

തികച്ചും അശാസ്ത്രീയവും സ്ത്രീവിരുദ്ധവുമായ നിരവധി പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ രജിത് കുമാർ എന്ന വ്യക്തിയെ സ്വീകരിക്കാനാണ് ഇത്രയും ആളുകൾ എത്തിയത് എന്നതാണ് മറ്റൊരു വിരോധാഭാസം. ഓട്ടിസം ബാധിച്ച കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അപമാനിക്കുന്ന രീതിയിൽ അശാസ്ത്രീയവും ഹീനവുമായ പ്രസ്താവന നടത്തിയ ഇയാൾ ട്രാൻസ് ജെൻഡർ സമൂഹത്തിനെതിരെയും ഇത്തരം മോശം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. റിയാലിറ്റി ഷോയിലെ സഹമത്സരാർത്ഥിയായ ഒരു യുവതിയുടെ കണ്ണിൽ മുളക് തേച്ചതിനാണ് ഇയാളെ ഷോയിൽ നിന്നും പുറത്താക്കിയതെന്നും അറിയുന്നു.

കൊറോണ വ്യാപിക്കുന്നത് തടയാൻ പൊതുപരിപാടികൾ മാറ്റിവെച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ സ്വീകരണപരിപാടി. ലിനോയെപ്പോലെയുള്ള മനുഷ്യരുടെ ത്യാഗങ്ങളെ അപഹസിക്കുന്ന ഇത്തരം നടപടികൾ ഒട്ടും ആശാസ്യകരമല്ല. കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാതെ പെരുമാറിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ച എറണാകുളം ജില്ലാ കളക്ടറുടെ നടപട ശ്ലാഘനീയമാണ്. കർശനമായ നടപടികളാണ് ഇത്തരക്കാർക്കെതിരെ സ്വീകരിക്കേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ഇത്തരം സാഹചര്യങ്ങളെ നമുക്ക് നേരിടാൻ സാധിക്കുകയുള്ളൂ.

Exit mobile version