കേരളത്തിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 20 ആയി; രണ്ട് വിദേശ പൗരന്മാർക്കും രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ വർധനവ്. ഒരു വിദേശ പൗരനു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതോടെ കേരളത്തിൽ രോഗബാധിതരുടെ ആകെ എണ്ണം 20 ആയി. ഇതോടെ രോഗബാധിതരായി രണ്ടു വിദേശികൾക്കാണ് കേരളത്തിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 7677 പേരാണ് ആകെ സംസ്ഥാനത്ത് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണങ്ങളുള്ള 302 പേർ ആശുപത്രിയിലും 7375 പേർ വീടുകളിലുമാണ് കഴിയുന്നത്.

നിലവിൽ ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയിൽ ഒമ്പതും കോട്ടയത്തും കൊച്ചിയിലും നാലും തിരുവനന്തപുരത്ത് മൂന്നും രോഗബാധിതരുണ്ട്. തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ ഒരോരുത്തർ വീതവും പോസിറ്റീവ് ആണ്

തിരുവനന്തപുരത്ത് എഴുപത് ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. 29 പേരാണ് ജില്ലയിൽ ആശുപത്രിയിൽ കഴിയുന്നത്. കൊച്ചിയിൽ നിന്നയച്ച സാമ്പിളുകളിൽ ഒരെണ്ണത്തിന്റെ പരിശോധന ഫലമാണ് ഇന്ന് ആലപ്പുഴ നാഷണൽ ഇൻറ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ലഭിച്ചത്. ഇത് നെഗറ്റീവാണ്.

അതേസമയം, തൃശ്ശൂരിൽ 53 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. 1937പേരാണ് തൃശ്ശൂർ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കഴിയുന്ന 8 മാസം പ്രായമുള്ള കുട്ടിയുടെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണ് എന്ന വാർത്തയും ആശ്വാസം പകരുന്നു. ആരോഗ്യ വകുപ്പും പോലീസും ഇന്ന് മുതൽ സംസ്ഥാനത്ത് പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്.

Exit mobile version