കൊറോണയെ പകര്‍ച്ച വ്യാധി പട്ടികയില്‍ പെടുത്തി സംസ്ഥാന സര്‍ക്കാര്‍; നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഒരു മാസം വരെ തടവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപിക്കുന്ന കൊവിഡ് 19വൈറസ് ബാധയെ പകര്‍ച്ച വ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം. പകര്‍ച്ച വ്യാധി പട്ടികയില്‍പ്പെടുത്തിയതോടെ രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനും സാധിക്കും. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റം വരെ ചുമത്താം.

രോഗാണു സാന്നിധ്യമുള്ള താത്കാലിക കെട്ടിടങ്ങള്‍ പൊളിക്കാം. രോഗ ബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്. 50 പേരിലേറെ കൂട്ടം കൂടി നില്‍ക്കുന്നത് കര്‍ശനമായി നിരോധിക്കാം. കൂടാതെ കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ‘ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍/ ക്വാറന്റീന്‍’ മാര്‍ഗ നിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

അതെസമയം സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകള്‍ ഒന്നും റിപ്പോര്ട്ട് ചെയ്തിട്ടില്ല. നിലവില്‍ പത്തൊന്‍പത് പേരാണ് ചികിത്സയിലുള്ളത്. കൊറോണ ലക്ഷണങ്ങളോടെ 106 പേരാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 7607 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍ ഉള്ളത്. 302 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതിനിടെ കൊറോണ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചെക്‌പോസ്റ്റുകളില്‍ പരിശോധന ആരംഭിച്ചു. ബസുകള്‍ അടക്കം എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. വാഹനങ്ങളിലെത്തുന്ന യാത്രക്കാര്‍ക്ക് പനിയുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അതോടൊപ്പം യാത്രക്കാരുടെ വിവരങ്ങളും രേഖപ്പെടുത്തിയശേഷമാണ് പോകാന്‍ അനുവദിക്കുന്നത്.

Exit mobile version