പനി ബാധിച്ച് മരിച്ചു, കൊറോണയെന്ന് സംശയിച്ച് മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കള്‍, നാട്ടുകാരും വീടിന് സമീപത്തേക്ക് അടുത്തില്ല; ഒടുവില്‍ മൃതദേഹം സംസ്‌കരിച്ചത് പൊതുശ്മശാനത്തില്‍

കൊച്ചി: പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ആലപ്പുഴ സ്വദേശിയായ സത്യരാജിന്റെ മൃതദേഹമാണ് കൊറോണ ഭീതിയെ തുടര്‍ന്ന് ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നത്. ആശങ്കങ്ങള്‍ക്കൊടുവില്‍ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സമീപത്തെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

വ്യാഴാഴ്ച വൈകീട്ടോടെയാണ് കരിങ്ങാംതുരുത്തിലെ വാടക വീട്ടില്‍ സത്യരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന് പനിയുണ്ടായിരുന്നെന്നും കൊറോണ രോഗലക്ഷണമാണെന്ന് സംശയിക്കുന്നതായും നാട്ടുകാര്‍ക്കിടയില്‍ സംസാരമുയര്‍ന്നു. ഇതോടെ നാട്ടുകാര്‍ ആരും രണ്ടുദിവസം വീടിന് സമീപത്തേക്ക് അടുത്തില്ല.

വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ 9ന് സ്ഥലത്തെത്തിയ വരാപ്പുഴ പോലീസും ആലങ്ങാട് പഞ്ചായത്ത് അംഗവും ചേര്‍ന്നാണ് മൃതദേഹം വീട്ടില്‍ നിന്നും നീക്കിയത്. മെഡിക്കല്‍ സംഘം സ്ഥലത്തെത്തി രക്തം പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കും.എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കളാരും തന്നെ തയ്യാറായില്ല. തുടര്‍ന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.

Exit mobile version