രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ബിജെപിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു; കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഒന്നാം വാര്‍ഷികത്തില്‍ സന്തോഷം പങ്കുവെച്ച് ടോം വടക്കന്‍

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ദിനത്തില്‍ തന്റെ സന്തോഷം പങ്കുവെച്ച് ടോം വടക്കന്‍. ബിജെപിയുടെ ഭാഗമായ ഈ ദിവസം ജീവിതത്തിലെ നിര്‍ണ്ണായക ദിനമായിരുന്നുവെന്ന് ടോം വടക്കന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് വടക്കന്‍ തന്റെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്.

ബിജെപിയെ പുകഴ്ത്തിക്കൊണ്ടുള്ളതായിരുന്നു ടോം വടക്കന്റെ ട്വീറ്റ്. ”കഴിഞ്ഞ വര്‍ഷം ഈ ദിവസം ജീവിതത്തിലെ നിര്‍ണ്ണായക ദിനമായിരുന്നു. ബി.ജെ.പിയുടെ ഭാഗമായ ദിവസം. രാഷ്ട്രത്തിന് വേണ്ടി ഉയര്‍ന്ന കാഴ്ചപ്പാടും ആക്ഷന്‍ പ്ലാനുമുള്ള പാര്‍ട്ടിയാണ് ബി.ജെ.പി. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു”-എന്ന് വടക്കന്‍ ട്വിറ്ററില്‍ കുറിച്ചു.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും അമിത് ഷാക്കും ജെപി നദ്ദക്കും ബിഎല്‍ സന്തോഷ് അടക്കം മറ്റ് ബിജെപി നേതാക്കള്‍ക്കും ടോം വടക്കന്‍ തന്റെ ട്വീറ്റില്‍ നന്ദിയറിയിക്കുന്നുമുണ്ട്. 2019 മാര്‍ച്ച് 14നാണ് വടക്കന്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്.

പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസിന്റെ പ്രതികരണം ഖേദകരമാണെന്നും ഇതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിടുന്നതെന്നുമായിരുന്നു രാജിക്ക് ശേഷം വടക്കന്റെ പ്രതികരണം. ടോം വടക്കന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരുന്നു.

Exit mobile version