കൊവിഡ്19; ആലപ്പുഴയില്‍ നിരീക്ഷണത്തിലായിരുന്ന വിദേശ ദമ്പതികള്‍ മുങ്ങി; തെരച്ചില്‍

ആലപ്പുഴ: കൊറോണ വൈറസ് ബാധ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദേശികള്‍ അധികൃതരെ അറിയിക്കാതെ കടന്നുകളഞ്ഞു. യുകെയില്‍ നിന്നും എത്തിയ എക്‌സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെ വെട്ടിച്ച് കടന്നത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുമാണ് ഇവര്‍ ചാടിപ്പോയത്.ഇവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.

യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ഇവര്‍ക്ക് പനി ഉണ്ടായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവരോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇവര്‍ അവിടെ നിന്നും മുങ്ങുകയായിരുന്നു. ഇവരില്‍ രോഗ ലക്ഷണം കണ്ടെത്തിയിരുന്നെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല.

ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു, ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. പോലീസ് തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ഒമ്പതിനാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്.

Exit mobile version