പക്ഷിപ്പനി; മലപ്പുറത്ത് രോഗം സ്ഥിരീകരിച്ച രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കും

മലപ്പുറം: കോഴിക്കോട് ജില്ലയ്ക്ക് പിന്നാലെ മലപ്പുറത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികളുമായി മലപ്പുറം ജില്ലാ ഭരണകൂടം. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 16-ാം നമ്പര്‍ വാര്‍ഡിലെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തേ അധികൃതര്‍ ചത്ത കോഴികളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ട് എണ്ണവും പോസിറ്റീവായിരുന്നു.

രോഗം സ്ഥിരീകരിച്ച വീടിന്റെ ചുറ്റുവട്ടമുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് കളക്ട്രേറ്റില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ തീരുമാനിച്ചത്. കോഴികള്‍ ചത്ത വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും മറ്റന്നാള്‍ മുതല്‍ കൊന്നു കത്തിക്കും. ഇതിനു പുറമെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷിഫാമുകളും അടയ്ക്കുമെന്നും പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15,16,17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊന്നു കളയുമെന്നും അധികൃതര്‍ അറിയിച്ചു.

ഇത്രയും വാര്‍ഡുകളിലെ വീടുകളിലും ഫാമുകളിലുമായി നാലായിരത്തോളം കോഴികള്‍ ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. വളര്‍ത്തുപ്പക്ഷികളെ സുരക്ഷിതമായി കൊല്ലുന്നതിന് ഇരുപത് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് പ്രദേശത്തെ മുഴുവന്‍ വളര്‍ത്തുപ്പക്ഷികളെയും കൊന്നുക്കത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ഒരു കാരണവശാലും രോഗം സ്ഥിരീകരിച്ച പ്രദേശത്ത് വളര്‍ത്തുന്ന കോഴികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കരുതെന്നും അങ്ങനെ ചെയ്താല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Exit mobile version