കൊവിഡ് 19നെ കുറിച്ച് വ്യാജ വാര്‍ത്തകള്‍; സംസ്ഥാനത്ത് പിടിയിലായത് എട്ട് പേര്‍, രജിസ്റ്റര്‍ ചെയ്തത് 11 കേസുകള്‍, പോസ്റ്റ് ഷെയര്‍ ചെയ്താലും കുടുങ്ങും

കണ്ണൂര്‍: കൊവിഡ് 19ന്റെ രോഗ ഭീതി സംസ്ഥാനത്ത് നിറയുന്ന പശ്ചാത്തലത്തില്‍ വ്യാജ വാര്‍ത്തയും നിറയുകയാണ്. സംസ്ഥാനത്ത് രോഗത്തെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ ഇതുവരെ 8 പേരാണ് അറസ്റ്റിലായത്. 11 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കൊപ്പം ഇത് ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും കേസെടുക്കുമെന്ന് പോലീസും വ്യക്തമാക്കി.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ് ജില്ലയില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറയുന്നു. മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.

സംസ്ഥാനത്തെ ഓരോ സ്റ്റേഷന്‍ പരിധിയിലും പ്രത്യേക സംഘം സോഷ്യല്‍ മീഡിയ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടും. പൊതുജനങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version