‘മറുപടി നല്‍കിയിട്ടും വ്യാജ പ്രചരണം തകൃതി, ഇനി രക്ഷയില്ല’ സൈബര്‍ സെല്ലില്‍ പരാതി നല്‍കി ഇന്നസെന്റ്

Actor Innocent | Bignewslive

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ തകൃതിയായി നിറയുന്ന സാഹചര്യത്തില്‍ സൈബല്‍ സെല്ലില്‍ പരാതി നല്‍കി മുന്‍ എംപിയും നടനുമായ ഇന്നസെന്റ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുകയും എല്‍ഡിഎഫിന്റെ പൊതു പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്ത് വരികയാണ്.

എന്നാല്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചാരണം നടക്കുന്നതിനെതിരെയാണ് ഇന്നസെന്റ് പരാതി നല്‍കിയിരിക്കുന്നത്. ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരം നടക്കുന്നുവെന്നാണ് പരാതി. നേരത്തെ വ്യാജ പ്രചരണങ്ങളില്‍ താരം മറുപടി നല്‍കി രംഗത്ത് വന്നിരുന്നു.

പിന്നെയും പ്രചരണം കൊഴുക്കുന്ന വേളയിലാണ് പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിച്ചത്. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ എന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാവണമെന്നായിരുന്നു ഇന്നസെന്റ് പ്രതികരിച്ചത്.

Exit mobile version