കൊറോണയ്ക്ക് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്നതായി സംശയം; പാലക്കാടും തിരുവനന്തപുരത്തും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: കൊവിഡ് 19 വൈറസിന് പിന്നാലെ സംസ്ഥാനത്ത് പക്ഷിപ്പനിയും പടര്‍ന്ന് പിടിക്കുന്നതായി സംശയം. പാലക്കാടും തിരുവനന്തപുരത്തും പക്ഷികളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നേരത്തെ കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

ഇന്ന് രാവിലെയാണ് പാലക്കാട് തോലന്നൂരില്‍ താറാവ് കുഞ്ഞുങ്ങളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച താറാവ് കുഞ്ഞുങ്ങളാണ് ചത്തത്. മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചു. പരിശോധനാ ഫലം വന്നതിന് ശേഷമേ പക്ഷിപ്പനിയാണോ എന്നത് സ്ഥിരീകരിക്കാനാവൂവെന്ന് അധികൃതര്‍ പറഞ്ഞു. അമിതമായ ചൂട് കാരണവും അപകടം സംഭവിയ്ക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തോലന്നൂരില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീറ്റയ്ക്കായി തുറന്ന് വിട്ട അറുപതോളം താറാവ് കുഞ്ഞുങ്ങളാണ് ചത്തത്. അതെസമയം കഴിഞ്ഞ ദിവസം കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കിയിരുന്നതായി താറാവുകളെ എത്തിച്ച തമിഴ്‌നാട് സ്വദേശി നാഗന്‍ പറഞ്ഞു. ആറായിരം താറാവ് കുഞ്ഞുങ്ങളെയാണ് തോലന്നൂരിലെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിട്ടുള്ളത്.

ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം നഗരത്തില്‍ പലയിടത്തായി പക്ഷികളെ ചത്തനിലയില്‍ കണ്ടെത്തിയത്. നഗരത്തിലെ മൂന്നിടങ്ങളില്‍ കാക്കകള്‍ അടക്കമുള്ള ചത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ചത്തപക്ഷികളുടെ സാംപിളുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ച് പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് അനിമല്‍ ഡിസീസിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പരിശോധനഫലം നാളെ ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വൈകുന്നേരത്തോടെ പാളയത്തെ എംഎല്‍എ ഹോസ്റ്റല്‍ കോംപൗണ്ടിലും പക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട് വേങ്ങരയിലും കൊടിയത്തൂരിലുമാണ് നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 12,000 ത്തിലേറെ പക്ഷികളെ കൊന്നു കത്തിക്കുകയും ചെയ്തിരുന്നു. മുട്ട വില്‍പ്പന കോഴിയിറച്ചി വില്‍പ്പന എന്നിവയും രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ തടഞ്ഞിരുന്നു.

Exit mobile version