പനി പടരാന്‍ സാധ്യതയുളള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്കും; ആശങ്കവേണ്ടെന്ന് സര്‍ക്കാര്‍

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു. നശീകരണ പ്രവര്‍ത്തനങ്ങള്‍ നാളെ രാവിലെ മുതല്‍ ആരംഭിക്കുമെന്നും, പനി പടരാന്‍ സാധ്യതയുളള പ്രദേശങ്ങളിലെ പക്ഷികളെ എല്ലാം നശിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ ഫാമുകളിലുള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മനുഷ്യരിലേക്ക് പടരും എന്ന തരത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ചുമതല കോഴിക്കോട് കളക്ടര്‍ ശ്രീരാം സാംബശിവ റാവുവിന് നല്‍കിയെന്നും മന്ത്രി അറിയിച്ചു.

പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ ടീം കോഴിക്കോട് എത്തിയിട്ടുണ്ട്. 2020 പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാനിടയുള്ള വര്‍ഷമാണെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Exit mobile version