ദേവനന്ദ ആറ്റിലേക്ക് വീണത് കുളക്കടവില്‍ നിന്ന്; വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലെന്ന് ഫൊറന്‍സിക് വിദഗ്ധര്‍

കൊല്ലം: കൊല്ലത്ത് ആറുവയസ്സുകാരി ദേവനന്ദയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വഴിത്തിരിവിലേക്ക്. ദേവനന്ദ ആറ്റിലേക്ക് വീണത് വീടിനടുത്തുള്ള കുളക്കടവില്‍ നിന്നെന്ന് ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി സൂചന. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നുവെന്നാണ് വിദഗ്ധരുടെ നിഗമനം.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല, ഡോ. സീന, ഡോ. വല്‍സല എന്നിവരടങ്ങുന്ന ഫൊറന്‍സിക് സംഘം കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് തെളിവെടുപ്പും പരിശോധനയും നടത്തിയത്. കുട്ടി തടയിണയില്‍ നിന്നല്ല ആറ്റില്‍ വീണതെന്ന് പരിശോധനയില്‍ കണ്ടെത്തി. കുട്ടിയുടെ വയറ്റില്‍ ചെളിയുടെ അംശം വളരെ കൂടുതലായിരുന്നുവെന്നും തടയിണയില്‍ വെച്ചാണ് കുട്ടി ആറ്റില്‍ വീണതെങ്കില്‍ വയറ്റില്‍ ഇത്രയോളം ചെളി ഉണ്ടാകില്ലെന്നുമാണ് വിദഗ്ധരുടെ നിഗമനം.

ആറ്റില്‍ അടിയൊഴുക്ക് ശക്തമായിരുന്നതിനാല്‍ മൃതദേഹം ഒഴുകിപ്പോയതാണെന്നാണ് സംഘം വിലയിരുത്തുന്നത്. തടയിണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്ററോളം ഒഴുകിയാണ് മൃതദേഹം കണ്ടെത്തിയ സ്ഥലത്തെത്തിയതെന്നാണ് ഫൊറന്‍സിക് സംഘത്തിന്റെ നിഗമനം. വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം, ശിശുമനോരോഗ വിദഗ്ധരെക്കൊണ്ട് പ്രദേശത്ത് പരിശോധന നടത്താനും അന്വേഷണസംഘം തീരുമാനിച്ചു.

Exit mobile version