‘ഒരു ബോര്‍ഡ് വെച്ചതിനാണ് അളവും തൂക്കവും നോക്കി ‘സത്യസന്ധമായി ‘ 24000 രൂപ പിഴ ഇട്ടത്, ഒരു നാടകം കളിച്ചാല്‍ കിട്ടുന്നത് തുച്ഛമായ വരുമാനം മാത്രമാണ്’; നടന്‍ ബിനോയ് നമ്പാല

തൃശ്ശൂര്‍: നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ചലച്ചിത്ര പ്രവര്‍ത്തകന്‍ ബിനോയ് നമ്പാല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. വാഹനത്തില്‍ വെച്ചിരിക്കുന്ന നാടക സമിതിയുടെ ബോര്‍ഡിന്റെ വലിപ്പം കൂടിയെന്ന് പറഞ്ഞാണ് ഇത്രയും വലിയ തുക മോട്ടോര്‍ വാഹനവകുപ്പ് ഈടാക്കിയിരിക്കുന്നത്.

രാത്രി പകലാക്കി നാടകം കളിച്ചാല്‍ ലഭിക്കുന്നത് വെറും തുച്ഛമായ വരുമാനം മാത്രമാണ്. അതിന്റെ ഇടയിലാണ് ഒരു ബോര്‍ഡ് വെച്ചതിന് അളവും തൂക്കവും നോക്കി ‘സത്യസന്ധമായി ‘ 24000 രൂപ പിഴ ഇട്ടിരിക്കുന്നത്. നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം ഒന്നുകൊണ്ട് മാത്രമാണ് ഇപ്പോഴും നാടകക്കാര്‍ ഈ കഷ്ടപ്പാടും സഹിച്ച് നാടകവുമായി മുന്നോട്ട് പോവുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങട്ടെ.ദേ.. ഈ ബോര്‍ഡ് വച്ചതിനാണ് അളവും തൂക്കവും നോക്കി ‘സത്യസന്ധമായി ‘ 24000/- രൂപ പിഴ ഇട്ടത്. രാത്രി പകലാക്കി ഒരു നാടകം കളിച്ചാല്‍ കിട്ടുന്നത് തുഛമായ വരുമാനം മാത്രമാണ്. ഇപ്പോഴും പല തരം വക്രിച്ച മുഖങ്ങള്‍ കണ്ടും, കോക്രി വര്‍ത്തമാനങ്ങള്‍ കേട്ടും തന്നെയാണ് കേരളത്തിലെ മിക്കവാറും നാടക സംഘങ്ങളും, നാടകക്കാരും നിരങ്ങി നീങ്ങുന്നത്.
ആകെയുള്ളത് നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ്. ചില ചെറിയ സന്തോഷങ്ങളില്‍ ജീവിക്കുന്നവര്‍, കഷ്ടപ്പാടും, പ്രാരാബദ്ധങ്ങളും മാത്രം കൈമുതലായുള്ളവര്‍, നാടകം കളിക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജവും 500/700 രൂപയും കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുന്നവര്‍.പാട്ടബാക്കിയും, കാട്ടുക്കുതിരയും, നമ്മളൊന്നും ഒക്കെ നെഞ്ചേറ്റിയവരാണ് നമ്മള്‍.എന്ന് ആവേശത്തോടെ ആര്‍ത്തുവിളിക്കുമ്പോള്‍ ഇതൊന്നും കാണാതെ പോകരുത്

Exit mobile version