ഡെന്നീസിന്റെ ഫാമിനേക്കാള്‍ കിടിലന്‍ ഫാമുമായി രവിശങ്കര്‍; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ജയറാമിന്റെ ഫാം

സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച രവിശങ്കര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ അത്ര പെട്ടെന്നൊന്നും മറക്കാന്‍ ഇടയില്ല. ചന്ദ്രഗിരിയില്‍ ഡെന്നീസിനെ പോലെ മനോഹരമായ ഒരു ഡയറി ഫാം തുടങ്ങാന്‍ രവിശങ്കര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സിനിമയില്‍ അത് സാധിച്ചില്ല. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കിടിലനൊരു ഡയറി ഫാം ഒരുക്കിയിരിക്കുകയാണ് ജയറാം.

മലയാറ്റൂരിനടുത്ത് പെരിയാറിന്റെ തീരത്ത് തോട്ടുവ എന്ന മനോഹരമായ ഗ്രാമത്തിലാണ് ജയറാം തന്റെ ഫാം ഒരുക്കിയിരിക്കുന്നത്. മലയാളികള്‍ക്ക് എല്ലാവര്‍ക്കും ജയറാമിന്റെ ആനക്കമ്പത്തെ കുറിച്ചും മേളക്കമ്പത്തെ കുറിച്ചുമൊക്കെ അറിയാവുന്നതാണ്. എന്നാല്‍ ഈ ഫാമിലെത്തിയാല്‍ ക്ഷീരകര്‍ഷകനായ ജയറാമിനെയാണ് കാണാന്‍ സാധിക്കുക. മനോഹരമായ ഒരു ‘ബത്‌ലഹേം’ തന്നെയാണ് ജയറാം ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അഞ്ച് പശുക്കളുമായി തുടങ്ങിയ ഈ ഫാമില്‍ ഇന്ന് അറുപതോളം പശുക്കളാണ് ഉള്ളത്. ജയറാമിന്റെ തറവാട്ടിന് അടുത്ത് പൈതൃകസ്വത്തായി കിട്ടിയ ആറ് ഏക്കര്‍ സ്ഥലത്താണ് ഫാം സ്ഥിതിചെയ്യുന്നത്. കൃഷ്ണഗിരിയില്‍ നിന്നുള്ള പശുക്കളാണ് ഫാമില്‍ കൂടുതലും. വെച്ചൂര്‍, ജേഴ്‌സി ഇനത്തില്‍പ്പെട്ട പശുക്കളും ഇവിടെയുണ്ട്. ജയറാം തന്നെ നേരിട്ട് പോയി കണ്ടാണ് ഓരോ പശുക്കളെയും ഫാമിലേക്ക് കൊണ്ടു വരുന്നത്.

അധികം പബ്ലിസിറ്റിയൊന്നും കൊടുക്കാത്ത തന്റെ ഒരു സ്വകാര്യ സന്തോഷമാണ് ഈ ഫാം എന്നാണ് ജയറാം പറയുന്നത്. താന്‍ ഒരു ബിസിനസ് ആയല്ല ഈ ഫാമിനെ കാണുന്നതെന്നും താരം പറഞ്ഞു. ഇതിനൊക്കെ പുറമെ കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ മാതൃകാഫാം എന്ന അംഗീകാരവും ജയറാമിന്റെ ഈ ഫാമിനുണ്ട്.

Exit mobile version