തൃശ്ശൂരിലെ ആദ്യ വിശപ്പുരഹിത കാന്റീന് തുടക്കം കുറിച്ച് കുന്നംകുളം നഗരസഭ

കുന്നംകുളം: കേരള സര്‍ക്കാരിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി വിശപ്പുരഹിത കുന്നംകുളം എന്ന പരിപാടിക്ക് കുന്നംകുളം നഗരസഭ തുടക്കം കുറിച്ചു. പദ്ധതി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മന്ത്രി എസി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു.

ഇരുപത് രൂപയ്ക്ക് അഞ്ച് കൂട്ടം കറികളോട് കൂടിയ ഭക്ഷണമാണ് ഇത് വഴി ലഭ്യമാവുക. കൂടാതെ ഭക്ഷണം കഴിക്കാന്‍ പണം ഇല്ലാത്ത ആളുകള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കും. സന്നദ്ധ സംഘടനകളുടെയും ആളുകളുടെയും പങ്കാളിത്തത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. കിടപ്പു രോഗികള്‍ക്ക് വീട്ടില്‍ ഭക്ഷണം എത്തിച്ച് കൊടുക്കാനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി കൂടി ഇതിന്റെ ഭാഗമായി നഗരസഭ ഏറ്റെടുത്തിട്ടുണ്ടെന്നും നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ പറഞ്ഞു.

ജനപങ്കാളിത്തം ഉറപ്പാക്കി സംസ്ഥാനത്ത് വിശപ്പുരഹിത കേരളം പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കുറഞ്ഞ നിരക്കില്‍ ഭക്ഷണം നല്‍കുന്ന സുഭിക്ഷ പദ്ധതി സംസ്ഥാന സര്‍ക്കാരിന്റ മാത്രം പദ്ധതി അല്ലെന്നും അതിനു നേതൃത്വം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് നാട്ടിലെ സേവന സന്നദ്ധരെയും സ്‌പോണ്‍സര്‍മാരെയും സഹായം നല്‍കാന്‍ താത്പര്യമുള്ളവരെയും ഉള്‍ക്കൊള്ളിക്കും. തുടര്‍ന്ന് നല്ല നിലവാരമുള്ള ഭക്ഷണം ഏവര്‍ക്കും എത്തിക്കും. നമ്മുടെ നാട്ടില്‍ ആരും പട്ടിണി കിടക്കരുതെന്നും മന്ത്രി പറഞ്ഞു.

കുന്നംകുളം നഗരസഭയിലെ ജില്ലയിലെ ആദ്യത്തെ വിശപ്പുരഹിത കാന്റീനില്‍ നിന്ന് ആദ്യ ദിനം ഭക്ഷണം കഴിച്ചത് ആയിരത്തോളം പേരാണ്. ഉദ്ഘാടന ചടങ്ങിനു ശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമനും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനും കാന്റീനില്‍ നിന്ന് ഭക്ഷണം കഴിച്ചു.

ഇരുപത് രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന കുന്നംകുളം നഗരസഭയിലെ വിശപ്പുരഹിത ഹോട്ടല്‍ പുതുരുചിയ്ക്കൊപ്പം ഒട്ടേറെ പുതുമകളും സന്ദര്‍ശകര്‍ക്കായി കരുതിവച്ചിരിക്കുന്നു. നാടന്‍ രുചികളാണ് ഇവിടുത്തെ പ്രത്യേകത. ചോറ്, സാമ്പാര്‍, ഉപ്പേരി, അച്ചാര്‍, പപ്പടം, മോര് അല്ലെങ്കില്‍ രസം എന്നിവയാണ് പ്രധാന വിഭവങ്ങള്‍. ഊണിനൊപ്പം ഹെല്‍ത്തി ടിപ്സായി കഞ്ഞിവെള്ളവും ഇവിടെ ആവശ്യക്കാര്‍ക്ക് ലഭിക്കും. പ്രായമായവരെ ഉദ്ദേശിച്ചാണ് പ്രധാനമായും ഇത് തയ്യാറാക്കുന്നത്. ഉച്ചയ്ക്ക് 12. 30 മുതല്‍ ഉച്ചയൂണ് തയ്യാറാകും. 100 ലേറെ പേര്‍ക്ക് ഒരേ സമയം ഉച്ചയൂണ് കഴിക്കാനുള്ള സൗകര്യം കാന്റീനിലുണ്ട്.

ആധുനിക രീതിയിലുള്ള അടുക്കള ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ളതും തികച്ചും സ്ത്രീ സൗഹൃദവുമാണ് ഈ കാന്റീന്‍. നാടന്‍ രുചികളാണ് ഇവിടുത്തെ പ്രത്യേകത. ആധുനിക സൗകര്യത്തോടെയുള്ള ഹൂഡ് എന്ന പുകരഹിത അടുപ്പുകളാണ് മറ്റൊരു പ്രത്യേകത. അടുക്കളയുടെ പുറത്ത് പ്രത്യേക സ്ഥലത്ത് കേന്ദ്രീകരിച്ചാണ് ഗ്യാസ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഒരു ഗ്യാസ് കണക്ഷനില്‍ നിന്ന് ഒരേസമയം ഒട്ടേറെ കണക്ഷനുകള്‍ പ്രവര്‍ത്തിക്കും. ഇതോടൊപ്പം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന അടുക്കളയും ഇവിടെയുണ്ട്.പരിശീലനം ലഭിച്ച പത്തോളം കുടുംബശ്രീ പ്രവര്‍ത്തകരാണ് വിഭവങ്ങള്‍ തയ്യാറാക്കുന്നത്.

ഭക്ഷണം കഴിക്കാന്‍ നിര്‍വാഹമില്ലാത്തവര്‍ക്കും രോഗികള്‍ക്കുമായി പത്ത് സൗജന്യ ഭക്ഷണമാണ് നഗരസഭ ദിവസവും നല്‍കുക. നഗരസഭയിലെ ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് നല്‍കുന്നവര്‍ക്കും സൗജന്യ ഭക്ഷണം നല്‍കും. നഗരസഭ സെക്രട്ടറി മുഖേന കര്‍ഷകര്‍ക്ക് പച്ചക്കറികള്‍ നല്‍കാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുണ്ട്.

Exit mobile version