‘പ്രതികരണ ശേഷിയില്ലാത്ത തലമുറയെയല്ല സമൂഹം ആഗ്രഹിക്കുന്നത്’; കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കെടി ജലീല്‍

കൊച്ചി: കലാലയങ്ങളില്‍ സമരങ്ങള്‍ നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍. എംജി സര്‍വകലാശാല യൂണിയന്‍ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം അനുവദിക്കുന്ന ബില്‍ പാസാക്കും.വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. പ്രതികരണശേഷിയില്ലാത്ത തലമുറയെയല്ല സമൂഹം ആഗ്രഹിക്കുന്നതെന്നും ജലീല്‍ പറഞ്ഞു.

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം വേണ്ടെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. അതിനാല്‍ സമരത്തിനോ പഠിപ്പ് മുടക്കിനോ ആരെയും പ്രേരിപ്പിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ നിന്നുള്ള രണ്ട് സ്‌കൂളുകളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് മൗലികാവകാശമുണ്ട്. ഒരു വിദ്യാര്‍ത്ഥിയുടെ പഠനാവകാശത്തെ തടസ്സപ്പെടുത്താന്‍ മറ്റൊരു വിദ്യാര്‍ത്ഥിക്ക് അവകാശമില്ല. കലാലയങ്ങളില്‍ മാര്‍ച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല .സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുത്. കലാലയങ്ങള്‍ പഠിക്കാനുള്ളതാണ്. സമരത്തിനുള്ളതല്ലെന്നും കോടതി പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ കലാലയ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കോടതി ഉത്തരവുകള്‍ക്ക് വിപരീതമായി പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അധികൃതര്‍ക്ക് നടപടി സ്വീകരിക്കാം. പോലീസിനെ വിളിച്ചു വരുത്തി കലാലയത്തിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കാമെന്നും ഉത്തരവില്‍ പറയുന്നു.സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Exit mobile version