സിബിഎസ്ഇ അല്‍പമെങ്കിലും ഉത്തരവാദിത്തം കാണിക്കണം;കുട്ടികളുടെ ഭാവി വച്ച് കളിക്കരുത്: സ്‌കൂളിന് അംഗീകാരമില്ലാത്തതിനാല്‍ പരീക്ഷ എഴുതാന്‍ സാധിക്കാതിരുന്ന സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സ്‌കൂളിന് അംഗീകാരമില്ലാത്തതിനെ തുടര്‍ന്ന് തോപ്പുംപടി അരൂജ സ്‌കൂളിലെ 34 വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സിബിഎസ്ഇ കുറച്ചെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും, വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ച് കളിക്കരുത് എന്നും കോടതി മുന്നറിയിപ്പ് നല്‍കി.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരേ നടപടിയെടുക്കാത്തതിന് എതിരെയായിരുന്നു കോടതിയുടെ വിമര്‍ശനം. തോന്നിയ പോലെ നാടു മുഴുവന്‍ സ്‌കൂളുകള്‍ അനുവദിക്കുന്നു. പിന്നെ ഒരു അന്വേഷണവും സിബിഎസ്ഇ നടത്തുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. കുട്ടികളെ ചൂഷണം ചെയ്യാന്‍ ലാഭക്കൊതിയന്മാരായ സ്‌കൂളുകളെ നിങ്ങള്‍ അനുവദിക്കുകയാണോയെന്നും കോടതി ചോദിച്ചു. സിബിഎസ്ഇ ഇനിയും ഒളിച്ചു കളിക്കാന്‍ നോക്കിയാല്‍ വെറുതേ വിടില്ലെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ച് കളിക്കരുത് എന്നും കോടതി മുന്നറിയിപ്പ് നല്‍കി.

സിബിഎസ്ഇ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ബോര്‍ഡിന് നല്‍കുന്ന അവസാന താക്കീതാണിതെന്നും കോടതി ഓര്‍മപ്പെടുത്തി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും സിബിഎസ്ഇയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ കഴിയുമോ എന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആരാഞ്ഞു. കുട്ടികളെ പത്താം ക്ലാസ് പരീക്ഷ എഴുതിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സിബിഎസ്ഇക്കെതിരേ കോടതി നിലപാടെടുത്തത്.

Exit mobile version