പബ്ബും ബ്രൂവറിയുമില്ല; ഡ്രൈ ഡേ ഒഴിവാക്കില്ല; ബാർ ലൈസൻസ് ഫീസ് വർധിപ്പിക്കും; പുതിയ മദ്യനയത്തിന് സർക്കാർ അംഗീകാരം

liquor | kerala news

തിരുവനന്തപുരം: സംസ്ഥാനത്ത് പബ്ബുകൾ വരുന്നെന്ന വാർത്തകൾ ഏറെ ചർച്ചയായതിന് പിന്നാലെ പബ്ബ്, ബ്രൂവറി എന്നിവ ഒഴിവാക്കി സർക്കാരിന്റെ മദ്യ നയം. സർക്കാറിന്റെ പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പബ്ബ്, ബ്രൂവറി എന്നിവ ഒഴിവാക്കിയും ഡ്രൈ ഡേ നിലനിർത്തിയുമാണ് സർക്കാറിന്റെ പുതിയ മദ്യനയം. അജണ്ടക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം മന്ത്രിസഭായോഗം പരിഗണിച്ചത്.

ബാറുകളുടെ ലൈസൻസ് ഫീസ് വർധിപ്പിക്കും. ഡിസ്റ്റിലറികളിൽ നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും തീരുമാനമായി. കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കും. ടോഡി ബോർഡ് നിലവിൽ വരുന്നത് വരെ ഷാപ്പ് ലേലം തുടരും. ക്ലബ്ബുകളുടെ വാർഷിക ലൈസൻസ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നു.

പബ്ബും ബ്രൂവറിയും താൽകാലം വേണ്ടെന്നാണ് സർക്കാർ തലത്തിലുള്ള ധാരണ. തെരഞ്ഞെടുപ്പ് വർഷമായതിനാൽ പബ്ബും ബ്രൂവറിയും വേണ്ടെന്ന നിലപാടിലായിരുന്നു സിപിഎം. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

Exit mobile version