അപേക്ഷയില്‍ മതത്തിന്റെ കോളം പൂരിപ്പിച്ചില്ല; മകന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന് രക്ഷിതാക്കള്‍; പരാതി

തിരുവനന്തപുരം: മതത്തിന്റെ കോളം പൂരിപ്പിക്കാത്തതിന്റെ പേരില്‍ മകന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചെന്ന പരാതിയുമായി രക്ഷിതാക്കള്‍ രംഗത്ത്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെതിരെയാണ് നസീമിന്റെയും ഭാര്യ ധന്യയുടെയും ആരോപണം.

സീറോ- മലങ്കര സഭയുടെ കീഴിലുള്ള സ്‌കൂളില്‍ മകനെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാനെത്തിയപ്പോഴാണ് രക്ഷിതാക്കള്‍ ദുരനുഭവം നേരിട്ടത്. പ്രവേശനത്തിനുള്ള അപേക്ഷയില്‍ നസീമും ധന്യയും കുട്ടിയുടെ മതം രേഖപ്പെടുത്താതെ കോളം ഒഴിച്ചിട്ടു. അപേക്ഷഫോം നല്‍കിയതോടെ എല്‍പി വിഭാഗം മേധാവിയായ സിസ്റ്റര്‍ ടെസ്സി തടസം അറിയിച്ചു.

ഈ സ്‌കൂളില്‍ അഡ്മിഷന്‍ വേണമെങ്കില്‍ മതം ഏതാണ് എന്നതിന്റെ രേഖ ആവശ്യമാണെന്ന് നസീമിനോട് സിസ്റ്റര്‍ പറഞ്ഞു. മതത്തിന്റെ കോളം പൂരിപ്പിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞപ്പോള്‍ സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.

മതം രേഖപ്പെടുത്താതെയും പ്രവേശനം നേടാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് ദമ്പതികള്‍ക്ക് ഇത്തരമൊരു ദുരനുഭവം. മകന് പ്രവേശനം നിഷേധിച്ചത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തു. അതോടെ മാനേജ്‌മെന്റുമായി ആലോചിച്ച ശേഷം വിശദമായ സത്യവാങ്മൂലം നല്‍കാന്‍ സിസ്റ്റര്‍ ആവശ്യപ്പെട്ടെന്ന് ദമ്പതികള്‍ പറഞ്ഞു.

സത്യവാങ്മൂലം ആവശ്യപ്പെട്ടതായി സ്‌കൂള്‍ അധികൃതരും സമ്മതിച്ചു. പിന്നീട് നസീം പരാതി അറിയിച്ചതോടെ കുട്ടിക്ക് പ്രവേശനം നല്‍കാന്‍ തയ്യാറാണെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞെങ്കിലും മകന് ഇനി ഈ സ്‌കൂളില്‍ പ്രവേശനം വേണ്ടെന്ന് നസീമും ധന്യയും മറുപടിയും നല്‍കി.

Exit mobile version