കോയമ്പത്തൂര്‍ അപകടം; ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്, ലൈസന്‍സ് റദ്ദാക്കിയേക്കും

ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തിരുപ്പൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ കണ്ടെയ്‌നര് ലോറി ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അറസ്റ്റിലായ ഡ്രൈവര്‍ ഹേമരാജിനെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് ഡ്രൈവര്‍ നല്‍കിയ മൊഴി. ഹേമരാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെനറുമായി പോകുന്നതിനിടെയാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നും പോലീസ് പറയുന്നു.

ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കി. ഡിവൈഡറില്‍ ഇടിച്ച് കയറിയതിന്റെ ആഘാതത്തില്‍ കണ്ടെയ്‌നര്‍ ഇരട്ടിപ്രഹരത്തില്‍ ബസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഒളിവില്‍ പോയ ഹേമരാജിനെ ഈറോഡിലെ പെരുന്തുറയില്‍ നിന്നാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version