പഠനത്തിൽ മിടുക്കരാകാൻ മത്സരിച്ച് വിറ്റാമിൻ ഗുളിക കഴിച്ച് വിദ്യാർത്ഥിനികൾ; ചികിത്സ ഫലിക്കാതെ എട്ടാം ക്ലാസുകാരിക്ക് ദാരുണമരണം

കോയമ്പത്തൂർ: പരീക്ഷ കാലത്ത് മിടുക്കരായി പരീക്ഷ എഴുതണമെന്ന് ആഗ്രഹിച്ച് വിറ്റാമിൻ ഗുളിക മത്സരിച്ചുകഴിച്ച ആറുവിദ്യാർഥിനികളിൽ ഒരാൾക്ക് ദാരുണമരണം. വിദ്യാർത്ഥിനി ചികിത്സ ഫലിക്കാതെയാണ് മരിച്ചത്. ഊട്ടി കാന്തൽ നഗരസഭ മുസ്ലിം യുപി സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിനി സൈബ ഫാത്തിമയാണ് (13) മരിച്ചത്.

കോയമ്പത്തൂരിൽ നിന്ന് ചെന്നൈയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി പോകും വഴി സേലത്തെത്തിയപ്പോഴായിരുന്നു മരണം. കഴിഞ്ഞ തിങ്കളാഴ്ച സ്‌കൂളിൽ അഞ്ച് സഹപാഠികളും സൈബയും ചേർന്ന് 20 മുതൽ 30 വിറ്റാമിൻ ഗുളികകൾവരെ കഴിക്കുകയായിരുന്നു.

വൈകുന്നേരത്തോടെ അവശരായ കുട്ടികളിൽ രണ്ടുപേരെ ഊട്ടി സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റുള്ള നാലുപേരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. ചികിത്സ തുടരുന്നതിനിടെ സൈബയുടെ ആരോഗ്യനില വഷളാവുകയും വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിക്ക് പ്രത്യേക ആംബുലൻസിൽ ചെന്നൈയിലെ രാജീവ്ഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ALSO READ- ലിങ്ക് തുറക്കരുത്! ബാങ്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്ത നടി നഗ്മയ്ക്ക് പണം നഷ്ടം

രാത്രി എട്ടുമണിയോടെ സേലത്ത് എത്തിയപ്പോൾ ശ്വാസം കിട്ടാത്തതിനെത്തുടർന്ന് സേലം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റൊരു കുട്ടിയും തീവ്രചികിത്സാവിഭാഗത്തിൽ തുടരുകയാണ്.

അതേസമയം, മറ്റ് നാലുപേർക്ക് കാര്യമായ പ്രശ്‌നങ്ങളില്ലെന്നും കുട്ടികൾ ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അമീൻ, അധ്യാപിക കലൈവാണി എന്നിവരെ വിദ്യാഭ്യാസവകുപ്പ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

Exit mobile version