മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശം; ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ രണ്ട് മന്ത്രിമാര്‍ തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചു

ഇവര്‍ അവിനാശിയിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

തിരുവനന്തപുരം: ഒറ്റ നിമിഷത്തില്‍ 20 പേരുടെ ജീവന്‍ പൊലിഞ്ഞ കോയമ്പത്തൂരിലെ അപകടമാണ് ഇന്ന് ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. തമിഴ്നാട് അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ കാര്യങ്ങള്‍ ഏകോപിപ്പിക്കാനായി സംസ്ഥാനത്ത് നിന്ന് രണ്ടുമന്ത്രിമാര്‍ തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രനും കൃഷിമന്ത്രി വിഎസ് സുനില്‍കുമാറുമാണ് യാത്ര തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരും തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചത്.

ഇവര്‍ അവിനാശിയിലെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. മാത്രമല്ല പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം കൈമാറി. തമിഴ്നാട് സര്‍ക്കാരുമായും തിരുപ്പൂര്‍ ജില്ലാ കളക്ടറുമായും സഹകരിച്ച് സാധ്യമായ എല്ലാ ആശ്വാസ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Exit mobile version