പോലീസ് മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവം; പോലീസ് സ്റ്റേഷന് മുന്നില്‍ ബീഫ് വിളമ്പി പ്രതിഷേധിച്ച് കോണ്‍ഗ്രസ്

കോഴിക്കോട്: കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വിവാദത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സംഭവത്തില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് കറിയും ബ്രെഡും വിതരണം ചെയ്തു. മുക്കം പോലീസ് സ്‌റ്റേഷനു മുന്നിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് വിളമ്പിയത്.

കെപിസിസി ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച ബീഫ് വിതരണം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സംഘ പരിവാര്‍ അജണ്ടയാണ് പുതിയ നടപടിയിലൂടെ വ്യക്തമായതെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.’മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മോഡിയെ കണ്ട പിണറായി, ലോക്‌നാഥ് ബെഹ്‌റയെ പോലീസ് മേധാവിയാക്കി. ഗുജറാത്ത് കലാപത്തില്‍ മോഡിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനാണ് ബെഹ്‌റ. ഇപ്പോള്‍ പിണറായിയുടെ സമ്മതത്തോടെ ബെഹ്‌റ സേനയില്‍ സംഘ് ഏജന്റുകളെ തിരുകി കയറ്റുകയാണ്’- അദ്ദേഹം ആരോപിച്ചു.

കേരള പോലീസിന്റെ വിവിധ ക്യാമ്പുകളില്‍ നല്‍കാനായി തയ്യാറാക്കിയ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ സംഭവമാണ് വിവാദമായത്.അതെസമയം ക്യാമ്പുകളിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. മെനുവില്‍ നിന്ന് ബീഫ് മാത്രമല്ല, മട്ടനും ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇത് ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും, വിവാദം മാധ്യമസൃഷ്ടി മാത്രമാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

ആഴ്ചയില് രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.

Exit mobile version