സംസ്ഥാനത്ത് മീനിന് പൊന്നും വില; മത്തിക്കും അയലയ്ക്കും വില 300 രൂപ

തൃക്കരിപ്പൂര്‍: മത്സ്യസമ്പത്ത് കുറഞ്ഞതോടെ സംസ്ഥാനത്ത് മീന്‍ വില കുതിച്ചുയരുന്നു. നിലവില്‍ മാര്‍ക്കറ്റുകളില്‍ മത്തിക്കും അയലയ്ക്കും പൊന്നും വിലയാണ്. കഴിഞ്ഞ ഓഖിക്കു ശേഷമാണ് മത്തിയുടെയും അയലയുടെയും ലഭ്യതയില്‍ വന്‍ കുറവുണ്ടായതെന്നു മത്സ്യതൊഴിലാളികള്‍ പറയുന്നു. മീന്‍ കിട്ടാതായതോടെ മത്സ്യത്തൊഴിലാളികളും പ്രതിസന്ധിയിലായിരിക്കുകയാണ്.

കടലില്‍ പോയ മത്സ്യത്തൊഴിലാളികളെല്ലാം വെറും കൈയ്യോടെയാണ് തിരിച്ചുവരുന്നത്. ഇതോടെ ഹാര്‍ബറുകളിലും മറ്റും ആരവമൊഴിഞ്ഞ സ്ഥിതിയായി. മീന്‍ ലഭ്യത കുറഞ്ഞതോടെ മത്തിയുടേയും അയലയുടേയും വില കുതിച്ചുയര്‍ന്നു. സാധാരണക്കാരന്റെ മീനായ മത്തിയുടെ വില 300 രൂപയോട് അടുത്തിരിക്കുകയാണ്. ഇതോടെ മീന്‍ വാങ്ങാന്‍ പറ്റാത്ത സ്ഥിതിയായി മാറിയിരിക്കുകയാണെന്ന് സാധാരണക്കാര്‍ പറയുന്നു.

മത്സ്യസമ്പത്തിലുള്ള വന്‍ കുറവ് മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.ഇന്ധന ചെലവ് ഉള്‍പ്പെടെ വലിയ ബാധ്യത ഉണ്ടാകുന്നുവെന്ന കാരണത്താല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കാന്‍ മടിക്കുകയാണ് ഉടമകള്‍.

Exit mobile version