വാവ സുരേഷ് സമൂഹത്തിന്റെ സ്വത്ത്; ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും, എയിംസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകനുള്ള സാധ്യത തേടും; ബിജെപി നേതാവ് വിവി രാജേഷ്

തിരുവനന്തപുരം: ഉഗ്രവിഷമുള്ള പാമ്പ് കടിയേറ്റ് അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന പാമ്പ് പിടുത്തക്കാരന്‍ വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നമെന്ന് ബിജെപി നേതാവ് വിവി രാജേഷ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

വാവ സുരേഷ് സമൂഹത്തിന്റെ സ്വത്താണെന്നും വിദഗ്ധ ചികിത്സ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി വി മുരളീധരനോട് സംസാരിച്ചതായും രാജേഷ് പറയുന്നു. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതല്‍ ചികിത്സയ്ക്കായി എയിംസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ടുപോകുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി ബന്ധപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചതായും രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

എന്നാല്‍, ആര്‍എംഒയോട് സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

വാവ സുരേഷിന്റെ ജീവന്‍ രക്ഷിക്കുവാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതല്‍ ചികിത്സയ്ക്കായി AIMS ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി ശ്രീ മുരളീധരന്‍ജിയുമായി ബന്ധപ്പെട്ടു.തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. ഞാനിന്ന് RMO യോട് സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ സാധ്യമായതെല്ലാം ചെയ്യും.

Exit mobile version