ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുത്; ഹൈക്കോടതി

കൊച്ചി: ജനവാസ മേഖലയില്‍ കള്ളുഷാപ്പുകള്‍ അനുവദിക്കരുതെന്ന് ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകള്‍ക്ക് മാത്രമേ ലൈസന്‍സ് പുതുക്കി നല്‍കാവൂ എന്നും കോടതി ഉത്തരവിട്ടു.

ജനവാസ മേഖലകളില്‍ ഇനിമുതല്‍ നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ പാടില്ല. നിലവിലുള്ള ലൈസന്‍സുകള്‍ പുതുക്കുന്നതിന് മുന്‍പ് കര്‍ശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിര്‍ദേശിച്ചു.കേരളത്തിലെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റമുണ്ടായി. അതിനാല്‍ സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകള്‍ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

കേസുമായി ബന്ധപ്പെട്ട് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കള്ളുഷാപ്പുകളുടെ നവീകരണത്തിനായി സര്‍ക്കാരിന് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കോടതിക്ക് മുന്നിലെത്തിയ സമാനമായ രണ്ട് പരാതികളില്‍ രണ്ടുമാസത്തിനുള്ളില്‍ എക്‌സൈസ് വകുപ്പ് നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു.

Exit mobile version