പാതിരാത്രിയില്‍ വരുന്ന ഫോണ്‍കോണ്‍; എടുത്താല്‍ കേള്‍ക്കുന്നത് നവജാത ശിശുക്കളുടെയും പെണ്‍കുട്ടികളുടെയും കരച്ചില്‍; നാട്ടുകാരുടെ ഉറക്കം കെടുത്തിയ സംഭവം

ഇടുക്കി; പാതിരാത്രികളില്‍ ഫോണ്‍കോളുകള്‍ വന്നാല്‍ എടുക്കാന്‍ പേടിയാണ് നാട്ടുകാര്‍ക്ക്. കാരണം ഫോണ്‍ എടുത്തുകഴിഞ്ഞാല്‍ കേള്‍ക്കുന്നത് നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദമാണ്. ഉറക്കം കിട്ടാതെ പേടിച്ച് തിരിച്ച് വിളിച്ചാലോ കോള്‍ കണക്ടാവുകയുമില്ല. ഇടുക്കി ജില്ലയിലെ ചില പ്രദേശങ്ങളിലാണ് ഇത്തരം കോളുകള്‍ വരുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി നിരവധി പേരാണ് ഇത്തരത്തിലുള്ള ശബ്ദം കേട്ട് ഭയന്നത്. രാത്രി 10.30 മുതല്‍ പുലര്‍ച്ചെ വരെയുള്ള സമയത്താണ് കോളുകള്‍ വരുന്നത്. 13 സെക്കന്‍ഡ് മാത്രമാണ് കോള്‍ ദൈര്‍ഘ്യം. നവജാത ശിശുക്കളും പെണ്‍കുട്ടികളും കരയുന്ന ശബ്ദമായിരിക്കും ഫോണ്‍ എടുത്താല്‍ കേള്‍ക്കുക. ഏതാനും സെക്കന്‍ഡിനുള്ളില്‍ ഫോണ്‍ കട്ടാകുകയും ചെയ്യും.

തിരിച്ചുവിളിച്ചാല്‍ കോള്‍ കണക്ടാവില്ല. ഇതോടെ ഫോണ്‍ എടുക്കുന്നവരുടെ ഉറക്കവും നഷ്ടപ്പെടും. സംഭവം നാട്ടുകാരെ ഒന്നടങ്കം ആശങ്കയിലാക്കിയിരിക്കുകയാണ്. ഫോണ്‍ വിശദാംശങ്ങള്‍ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യുന്ന ‘വാന്‍ഗിരി തട്ടിപ്പാണിതെന്നാണ് പോലീസ് സംശയിക്കുന്നത്.

അജ്ഞാത ഫോണ്‍ നമ്പരുകളില്‍ നിന്നുവരുന്ന മിസ്ഡ് കോള്‍ കണ്ട് തിരിച്ചുവിളിക്കുന്നവരാണ് ഈ തട്ടിപ്പിന് ഇരയാവുന്നത്. തിരിച്ചു വിളിച്ചാല്‍ നിമിഷങ്ങള്‍ക്കകം മൊബൈല്‍ ഫോണിലെ റീചാര്‍ജ് തുകയുടെ ബാലന്‍സ് നഷ്ടപ്പെടും. കൂടാതെ മൊബൈല്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തപ്പെടുമെന്നും പറയപ്പെടുന്നു.

ഒട്ടേറെ പേര്‍ക്ക് ഇത്തരം ഫോണ്‍ കോളുകള്‍ വരുന്നത് സൊമാലിയയില്‍ നിന്ന് ‘00252’ ല്‍ തുടങ്ങുന്ന നമ്പറുകളില്‍ നിന്നാണെന്നാണ് പോലീസില്‍ നിന്നു ലഭിക്കുന്ന വിവരം. വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന ഇത്തരം കോളുകള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

Exit mobile version