വിവാഹ ഷൂട്ടിങിന് പോയ മലയാളി യുവാക്കളെ തീവ്രവാദികളാക്കി ‘മോഡി രാജ്യ’ത്തിൽ വ്യാജപ്രചാരണം; കേസും പുലിവാലുമായി ഷംനാദും ഷിഹാബും

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ മരുതമലൈയിൽ വിവാഹ ഷൂട്ടിങ്ങിനു പോയ മലയാളി സംഘത്തിനെതിരെ സോഷ്യൽമീഡിയയിൽ വ്യാജപ്രചാരണം. ക്യാമറാമാനെയും സംഘത്തെയും തീവ്രവാദികളെന്നു വിളിച്ചാണ് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം കൊഴുക്കുന്നത്. വെള്ളേപ്പം എന്ന ചിത്രത്തിൽ ഛായാഗ്രഹകനായ ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമാണ് കോയമ്പത്തൂരിൽ വച്ച് ഇത്തരമൊരു ദുരനുഭവമുണ്ടായത്. ഷിഹാബിനൊപ്പമുണ്ടായിരുന്ന ഷംനാദ് എന്ന ഫോട്ടോഗ്രാഫറുടേയും ഇവർ സഞ്ചരിച്ചിരുന്ന കാറിന്റേയും ചിത്രം സഹിതമാണ് വ്യാജപ്രചരണം നടക്കുന്നത്.

പ്രശസ്തമായ മരുതമലൈ ക്ഷേത്രത്തിൽ വിവാഹത്തിന്റെ ഔട്ട്‌ഡോർ ഷൂട്ടിങിന് പോയ യുവാക്കളാണ് കേസും കൂട്ടവുമായി വലഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു ഇവർ വിവാഹം ഷൂട്ട് ചെയ്യാനായി പോയത്. പിന്നീട് തിരിച്ചുവരുമ്പോൾ ഒരാൾ ഇവരുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. അടുത്ത ദിവസം തമിഴ്‌നാട് സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നും ഒരു ഫോൺ കോൾ വന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഷിഹാബും സംഘവും മനസിലാക്കുന്നത്.

തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവൻ എന്നയാളാണ് ഇവരുടെ ഫോട്ടോ ‘മോഡി രാജ്യം’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇതിന് നൂറുകണക്കിന് ഷെയറും കമന്റും ലഭിച്ചതോടെയാണ് സംഭവം കൈവിട്ടുപോയത്. മരുതമലൈ ക്ഷേത്രത്തിൽ ഉത്സവമാണെന്നും, ഇന്ന് ഒരു പ്രത്യേക വാഹനം ഇവിടെ കറങ്ങുന്നുവെന്നും ഇവർ മുസ്ലീംങ്ങളാണെന്നും പോസ്റ്റിൽ പറയുന്നു. എന്തിനാണ് ഇവർ ഇവിടെ വരുന്നത്. വിശ്വാസികൾക്ക് ദുരന്തം ഉണ്ടായേക്കും എന്നും മറ്റുമാണ് ഇയാൾ പോസ്റ്റ് ചെയ്തത്.

ഇവർ തീവ്രവാദികളായിരിക്കാം, എൻഐഎ അറിയിക്കൂ. വലിയ പ്രശ്‌നമാണ് എന്ന രീതിയിൽ പോസ്റ്റിന് നൂറുകണക്കിന് കമന്റുകളാണ് എത്തിയത്. രാവിലെ ഈ പോസ്റ്റ് പോലീസ് ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ ഇതിന് 400 ഒളം ഷെയർ ലഭിച്ചിരുന്നതായി ഷിഹാബ് പറയുന്നു.

പോലീസ് അറിയിച്ചതിനെ തുടർന്ന് തങ്ങളുടെ തമിഴ്‌നാട്ടിലെ വിവരങ്ങൾ കൈമാറിയ ഷിഹാബും സംഘവും ഈ പ്രചാരണത്തിനെതിരെ മറ്റൊരു കേസ് നൽകും എന്നാണ് പറയുന്നത്. പിന്നീട് വിവാഹത്തിന് തങ്ങളെ വിളിച്ചവർ പോസ്റ്റിട്ട വ്യക്തിയുമായി ബന്ധപ്പെട്ട് പോസ്റ്റ് പിൻവലിച്ചിട്ടുണ്ടെന്നും ഷിഹാബ് വ്യക്തമാക്കി.

Exit mobile version