ലോട്ടറി അടിച്ചെന്ന് കേട്ട് തുള്ളിച്ചാടാന്‍ വരട്ടെ..! സമ്മാനം കിട്ടാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വരും

കട്ടപ്പന: സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് നമ്പര്‍ ലോട്ടറി ഓഫീസിലെ സിസ്റ്റത്തില്‍ തെളിയുന്നില്ല എന്ന് കാണിച്ച് ടിക്കറ്റ് മടക്കി നല്‍കി. ഇടുക്കിയിലെ കട്ടപ്പനയിലാണ് സംഭവം. സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ജനുവരി 20ന് നടന്ന നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ച എസ് സി 967160 എന്ന നമ്പറില്‍ വരുന്ന ടിക്കറ്റിനാണ് ഭാഗ്യം നഷ്ടമായത്.

ടിക്കറ്റ് നമ്പര്‍ ലോട്ടറി ഓഫിസിലെ സിസ്റ്റത്തില്‍ തെളിയുന്നില്ലെന്നും അതിനാല്‍ സമ്മാനം നല്‍കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം, നറുക്കെടുപ്പില്‍ എസ്എ, എസ്ബി, എസ്ഡി, എസ്എഫ്, എസ്ജി, എസ്എച്ച്, എസ്‌ജെ, എസ്‌കെ, എസ്എല്‍, എസ്എം എന്നീ 11 സീരിയലില്‍ വരുന്ന 967160 എന്ന ടിക്കറ്റിന് 100 രൂപ വീതം സമ്മാനം ലഭിക്കുകയും ചെയ്തു.

പാമ്പനാര്‍ റാണികോവില്‍ സ്വദേശി മുരുകേശനാണ് പണം നഷ്ടമായത്. വണ്ടിപ്പെരിയാറ്റിലെ ലക്കി സെന്ററില്‍ നിന്നാണ് ഇയാള്‍ 12 ടിക്കറ്റുകളും എടുത്തത്. നമ്പര്‍ പിശക് സംബന്ധിച്ചു ഏജന്‍സിയില്‍ അന്വേഷിച്ചപ്പോള്‍ ടിക്കറ്റ് മടക്കി നല്‍കിയാല്‍ തുക നല്കാം എന്നായിരുന്നു മറുപടി.

ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ബാര്‍കോഡ് തെളിയാത്തത് മൂലം ആണ് ടിക്കറ്റിനു സമ്മാനം നല്‍കാന്‍ കഴിയാത്തത് എന്ന് ലോട്ടറി ഓഫിസര്‍ പറഞ്ഞു. അച്ചടി സമയത്ത് ഉണ്ടായ പിശക് മൂലം ബാര്‍ കോഡ് മറഞ്ഞതാകാമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു . എന്നാല്‍ ഭാഗ്യക്കുറിയുടെ ഉടമസ്ഥന്‍ നിയമ നടപടിക്കൊരുങ്ങുകയാണ്.

Exit mobile version