കൊറോണ ഭീതി: മലയാളികൾക്ക് അതിർത്തികളിൽ പരിശോധന ശക്തമാക്കി സംസ്ഥാനങ്ങൾ

മുത്തങ്ങ: കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധയും സ്ഥിരീകരിച്ചതോടെ കേരളത്തിൽ നിന്നും വരുന്നവരെ അതിർത്തികളിൽ പരിശോധിക്കുന്നത് ശക്തമാക്കി സംസ്ഥാനങ്ങൾ. കേരള-കർണാടക അതിർത്തിയിൽ മുത്തങ്ങ ചെക്‌പോസ്റ്റിൽ കർണാടക ആരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക പരിശോധന ഇന്നും തുടരുന്നു. ബോധവൽക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നുണ്ട്. മൂലഹള്ള ചെക്‌പോസ്റ്റിലും തമിഴ്‌നാട് അതിർത്തിയായ ബന്ദിപ്പൂർ ചെക്‌പോസ്റ്റിലും പരിശോധന നടക്കുന്നുണ്ട്.

വയനാട് കർണാടകയുമായി അതിർത്തി പങ്കിടുന്ന മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നാല് മുതൽ ആറുപേർ വരെ അടങ്ങുന്ന സംഘമായാണ് ചാമരാജ് നഗർ ജില്ലാ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങിയത്. കേരളത്തിൽ നിന്നും കർണാടകത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. രോഗം സംശയിക്കുന്നവരെ ഉടനെ തന്നെ കൂടുതൽ പരിശോധനയ്ക്കായി ചാമരാജ് നഗറിലെയും ഗുണ്ടൽപേട്ടിലെയും സർക്കാർ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഈ ആശുപത്രികളിൽ മലയാളികൾക്കായി പ്രത്യേകം വാർഡുകളും സജ്ജീകരിച്ചതായാണ് സൂചന.

അതേസമയം, കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വയനാട്ടിൽ പഠനയാത്രകൾക്ക് ജില്ലാ ഭരണകൂടം വിലക്കേർപ്പെടുത്തി.

Exit mobile version