‘യുഎപിഎ കേസ് പിൻവലിക്കാൻ പറഞ്ഞ് അമിത് ഷായ്ക്ക് മുൻപിൽ ഞാൻ പോകണമെന്നാണോ നിങ്ങൾ പറയുന്നത്?’ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസ് എൻഐഎയിൽ നിന്നും സർക്കാർ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയം നൽകിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടിക്കൊണ്ട് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ നടത്തിയ പ്രസംഗത്തിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രി പ്രതിപക്ഷത്തോട് രോഷം പൂണ്ടത്.

എൻഐഎ കേസുകളിലെ ഭേദഗതി വകുപ്പുപ്രകാരം കേസ് സർക്കാരിന് തിരിച്ച് ഏറ്റെടുക്കാൻ കഴിയുമെന്നും ഇക്കാര്യം സർക്കാർ ആവശ്യപ്പെട്ടാൽ മതിയെന്നുമായിരുന്നു എംകെ മുനീർ പറഞ്ഞത്. ആ വകുപ്പ് ഉപയോഗിക്കാൻ സർക്കാർ തയ്യാറാകണമെന്നും മുനീർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് കാലത്ത് എടുത്ത യുഎപിഎ കേസുകൾ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് എന്നെങ്കിലും സമീപിച്ചിരുന്നോ എന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു.

‘നിങ്ങളുടെ കാലത്ത് 123 യുഎപിഎ കേസ് എടുത്തു. അതിൽ ഒമ്പതെണ്ണം എൻഐഎയ്ക്ക് വിട്ടു. കതിരൂർ മനോജ് വധക്കേസിൽ പി ജയരാജനെതിരെ യുഎപിഎ ചുമത്തിയത് ഓർമ്മയില്ലേ? ആ സമയത്ത് യുഡിഎഫ് സർക്കാർ ഒരു കേസുപോലും എൻഐഎയിൽ നിന്ന് തിരിച്ചെടുക്കാൻ ആവശ്യപ്പെട്ടിരുന്നില്ലല്ലോ? ഇപ്പോൾ അമിത് ഷായ്ക്ക് മുൻപിൽ ഞാൻ പോകണമെന്നാണോ നിങ്ങൾ പറയുന്നത് ‘, എന്നായിരുന്നു മുഖ്യമന്ത്രി തിരിച്ചുചോദിച്ചത്.

എൽഡിഎഫിനെ നേരിടാൻ മാവോയിസ്റ്റുകളെ പിന്തുണയ്ക്കാനുള്ള വല്ലാത്ത വ്യഗ്രതയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും എല്ലാ കരിനിയമങ്ങളുടേയും തുടക്കക്കാർ കോൺഗ്രസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുഎപിഎ കേസിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി. യുഎപിഎ ചുമത്തിയ കാരണമാണ് കേസ് എൻഐഎ ഏറ്റെടുത്തതെന്നും അലനിൽ നിന്നും താഹയിൽ നിന്നും കണ്ടെടുത്തത് സിപിഐഎം ഭരണഘടനയാണെന്നും എംകെ മുനീർ പറഞ്ഞിരുന്നു.

Exit mobile version