കൂടെ നിന്ന് കൈപിടിച്ചു നല്‍കി പുത്തന്‍വീട്; സമൂഹവിവാഹത്തിലൂടെ 47 ദമ്പതിമാര്‍ക്ക് പുതുജീവിതം

പുത്തന്‍കുന്ന്: നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമൂഹവിവാഹത്തിലൂടെ 47 ദമ്പതിമാര്‍ക്ക് പുതുജീവിതം. വയനാട് പുത്തന്‍കുന്നില്‍ വെച്ചായിരുന്നു വിവാഹം. പുത്തന്‍വീട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച പതിനെട്ടാമത് സമൂഹ വിവാഹമാണിത്.

പ്രസ്ഥാനത്തിന്റെ പേട്രന്‍ സയ്യിദ് പി വി. ഷാഹുല്‍ ഹമീദ് രൂപം നല്കിയ വിവാഹ ബ്യൂറോകള്‍ വഴിയാണ് വിവാഹ പ്രായമെത്തിയ യുവതീ യുവാക്കളെ കണ്ടെത്തി സമൂഹ വിവാഹങ്ങളിലേക്ക് സജ്ജരാക്കുന്നത്. മണ്ഡപത്തിലേക്കെത്തിയ നവദമ്പതികള്‍ക്കുള്ള വിവാഹ വസ്ത്രങ്ങള്‍ നല്കിയത് മുന്പ് നടന്ന സമൂഹ വിവാഹങ്ങളിലൂടെ മംഗല്യഭാഗ്യം ലഭിച്ചവരാണെന്ന പ്രത്യേകതയും ഈ സമൂഹവിവാഹത്തിനുണ്ട്.

സമൂഹവിവാഹത്തിന് ബിസി അബ്ദുറഹിമാന്‍ മാസ്റ്റര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന ദമ്പതികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വധൂവരന്മാര്‍ക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. പുത്തന്‍ കുന്ന് ശാഖയില്‍ പുതുതായി നിര്‍മിച്ച സാംസ്‌കാരിക വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനവും വിവാഹത്തോടനുബന്ധിച്ച് നടന്നു.

Exit mobile version