കുടുംബത്തെ നോക്കാൻ പ്രവാസികളായവർ നികുതി തട്ടിപ്പുകാരല്ല; പ്രവാസികൾക്ക് നാട്ടിൽ കുടുംബമുണ്ടെന്ന് ഓർക്കണം;ബജറ്റിലെ പ്രവാസി നികുതിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ഇപ്പോൾ നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പുറത്തുള്ള പ്രവാസികളും ഇന്ത്യയിൽ നികുതിയടയ്ക്കണമെന്ന കേന്ദ്ര ബജറ്റിലെ നിർദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പലർക്കും പ്രവാസി പദവി നഷ്ടപ്പെടുത്തുന്നതാണ് ബജറ്റിലെ നിർദേശമെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കുടുംബകാര്യങ്ങൾക്ക് നാട്ടിൽ കഴിയുന്നവർ നികുതി തട്ടിപ്പുകാരല്ല. പ്രവാസികൾ നാട്ടിൽ കുടുംബമുള്ളവരാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻആർഐ പദവി ലഭിക്കുന്നതിന് വിദേശത്ത് കഴിയുന്നതിന്റെ ദൈർഘ്യം വർധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗൾഫ് നാടുകളിൽ നികുതി സിസ്റ്റമില്ലാത്തതിനാൽ അവിടെ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാർ ആ രാജ്യത്ത് നികുതി അടക്കേണ്ടിയിരുന്നില്ല. ഇന്ത്യയിൽ താമസിക്കാത്തതിനാൽ ഇന്ത്യയിലും ഇവർക്ക് നികുതി നൽകേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിർദേശത്തിലൂടെ മാറ്റം വരുന്നത്. മറ്റ് രാജ്യങ്ങളിൽ നികുതിയടക്കാൻ ബാധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേർപ്പെടുത്താനാണ് നിർദേശം.

നികുതിയില്ലാത്ത രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെയാണ് പുതിയ നിർദേശം ബാധിക്കുക.

ഒരു പൗരനെ പ്രവാസിയായി കണക്കാക്കാനുള്ള ദിവസ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. 182 ദിവസം ഇന്ത്യയ്ക്ക് പുറത്ത് താമസിച്ച ഇന്ത്യൻ പൗരന് പ്രവാസി പദവി ലഭിച്ചിരുന്നു, എന്നാൽ ഇനി പ്രവാസി ആകുന്നതിന് 240 ദിവസമോ അതിൽ കൂടുതലോ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരായിരിക്കണം. ഇതും പ്രവാസികൾക്ക് ഇരുട്ടടിയാണ്.

ഇന്ത്യൻ വംശജനായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കുന്നതിനുള്ള കാലാവധി 182 ദിവസത്തിൽ നിന്ന് 120 ദിവസമായി കുറയക്കാനും ബജറ്റിൽ നിർദേശമുണ്ട്.

Exit mobile version