ഭയപ്പെടുത്തിയ നിപ്പ..! അമേരിക്കയിലെ പ്രസിദ്ധീകരണം പറയുന്നതും കേരളാ സര്‍ക്കാര്‍ പറയുന്നതും ഒന്ന് തന്നെ; വിശദീകരണവുമായി ഡോ. ജി അരുണ്‍കുമാര്‍

കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ്പ വൈറസിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമാകുമ്പോള്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന തരത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ജി അരുണ്‍കുമാര്‍. അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ലോകപ്രശസ്ത സയന്‍സ് മാസികയില്‍ കേരളത്തിലെ നിപാ മരണത്തെക്കുറിച്ച് പ്രതിപാദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയതും ഇത് തന്നെയെന്നാണ് ഡോക്ടര്‍ പറയുന്നത്.

കോഴിക്കോട് മരണകാരണമായ വൈറസ് നിപ്പായാണെന്ന് ആദ്യം കണ്ടെത്തിയ മണിപ്പാലിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ചിലെ തലവന്‍ കൂടിയാണ് ഡോ അരുണ്‍കുമാര്‍. ലേഖനം ഈ രംഗത്ത് പ്രവര്‍ത്തിച്ച വിദഗ്ധര്‍ക്ക് കൈമാറി അംഗീകാരം നേടിയ ശേഷമാണ് ‘ ദ ജേണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസ്’ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചത്.

ലേഖനത്തില്‍ എല്ലാം വിളദീകരിച്ചിട്ടുണ്ട്. നിപ്പാ പടര്‍ന്ന സാഹചര്യം നിപ്പാ കാരണമായ വവ്വാലിനെക്കുറിച്ചും 12 പേജ് ലേഖനത്തില്‍ വിശദീകരിക്കുന്നു. നാല് പേജ് ലേഖനവുമാണ് മാസിക നല്‍കിയത്. നിപ്പാ സ്ഥീരികരിച്ചത് 18 പേര്‍ക്കാണെന്ന് ആദ്യ പേജില്‍ പറയുന്നുണ്ട്. ഇതിന്റെ വിശദചിത്രം രണ്ടാം പേജില്‍ ആവര്‍ത്തിക്കുന്നു. 2018 മെയ് 2നും 29 നുമിടയില്‍ 23 കേസുകള്‍ തിരിച്ചറിഞ്ഞു. ഇതില്‍ 18 എണ്ണം നിപായാണെന്ന് സ്ഥിരീകരിച്ചു. നാലെണ്ണം സാധ്യതയുള്ള കേസുകളും. ലബോറട്ടറിയില്‍ സ്ഥിരീകരിക്കാത്ത ആദ്യ കേസാണ് മറ്റൊന്ന്.

ഈ 18 കേസില്‍ രണ്ട് പേര്‍ നിപായുടെ പിടിയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 16 പേര്‍ മരിച്ചു. രോഗം ആദ്യം പിടിപെട്ടയാളെക്കൂടി ചേര്‍ത്താല്‍ സ്ഥിരീകരിച്ച മരണ സംഖ്യ 17. ഇതാണ് സംസ്ഥാന സര്‍ക്കാര്‍ അന്നും ഇന്നും പറയുന്നത്. സയന്‍സ് മാസികയും ഇത് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര സയന്‍സ് മാസികയായതിനാല്‍ അതില്‍ സൂക്ഷ്മമായ വിവരങ്ങള്‍ ആവശ്യമുണ്ട്. ഇതിനാലാണ് രോഗം പിടിപെട്ട് മരിച്ചതായി കേന്ദ്രസംസ്ഥാന ആരോഗ്യ ടീം സംശയിച്ച നാല് കേസുകള്‍ കൂടി ലേഖനത്തില്‍ ഉള്‍പ്പെട്ടത്. ഇതും പുതിയ വിവരമല്ല.

എന്നാല്‍ വൈറസ് ബാധിച്ച് മരിക്കുകയോ രക്ഷപ്പെടുകയോ ചെയ്ത ആരുടെയും പേര് മാസികയില്‍ പറയുന്നില്ല. അതേസമയം ശാസ്ത്രീയമായ സൂക്ഷ്മ വിവരങ്ങള്‍ ഗ്രാഫിക്‌സ് സഹിതമുണ്ട്. ആരോഗ്യ വകുപ്പ് കാണിച്ച ജാഗ്രതയും എടുത്ത് പറയുന്നു. നിപ്പാ രോഗികളുമായുള്ള സമ്പര്‍ക്ക പട്ടികയില്‍ 2642 പേര്‍ ഉണ്ടായിരുന്നതും ഇവരെ മാറ്റിപ്പാര്‍പ്പിച്ചതും വിശദീകരിക്കുന്നു. 12 പേജുള്ള ലേഖനം ഏഴ് വിദഗ്ധര്‍ ചേര്‍ന്നും രണ്ടാമത്തെ ലേഖനം 14 വിദഗ്ധര്‍ ചേര്‍ന്നുമാണ് തയ്യാറാക്കിയത്. രണ്ടിലും ജി അരുണ്‍ കുമാറിന് പുറമേ സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനുമുണ്ട്.

Exit mobile version