ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഒന്നാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം; മാമനെ എന്തിനാ തല്ലുന്നതെന്ന് ചോദിച്ചതിനെ തുടര്‍ന്നാണ് മര്‍ദ്ദനം

കാല്‍ പൊട്ടി രക്തം വരുന്നത് വരെയായിരുന്നു മര്‍ദ്ദനം.

കൊല്ലം; ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്കിനിടയില്‍ ഒന്നാം ക്ലാസുകാരന് ക്രൂരമര്‍ദ്ദനം. ഇരുവരും തമ്മിലുള്ള വഴക്കിനിടയിലേയ്ക്ക് മാമനെ എന്തിനാ തല്ലുന്നതെന്ന് ചോദിച്ചെത്തിയതിനാലാണ് വിദ്യാര്‍ത്ഥിയെ മൃഗീയമായി മര്‍ദ്ദിച്ചത്. വടികൊണ്ട് കലി തീരും വരെ സ്‌കൂള്‍ ബസ് ഡ്രൈവര്‍ വിദ്യാര്‍ത്ഥിയെ വടി കൊണ്ട് അടിക്കുകയായിരുന്നു. കാല്‍ പൊട്ടി രക്തം വരുന്നത് വരെയായിരുന്നു മര്‍ദ്ദനം. കാലില്‍ സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പള്ളിമണ്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ ഷിയാസിനെതിരെ പോലീസ് കേസെടുത്തു. കുട്ടി സ്‌കൂളിലേക്ക് വരുന്ന ബസിലെ ക്ലീനറായ അനസിനെ മറ്റൊരു ബസ് ഡ്രൈവറായ ഷിയാസ് അടിക്കുന്നത് കണ്ടതോടെയാണ് ഷിയാസിന് സമീപത്തേക്ക് വിദ്യാര്‍ഥി എത്തിയത്. ‘ മാമനെ എന്തിനാ തല്ലുന്നത്’ എന്ന് ചോദിക്കുകയും ചെയ്തു.

ഇതില്‍ പ്രകോപിതനായ സ്‌കൂള്‍ ബസ് ഡ്രൈവര്‍ കുട്ടിയെ അടിക്കുകയായിരുന്നു. വടി കൊണ്ട് കാല്‍ പൊട്ടുന്നത് വരെ തല്ലി. കൂടെയുണ്ടായിരുന്ന കുട്ടികള്‍ നിലവിളിച്ചതോടെയാണ് അധ്യാപകര്‍ ഓടിയെത്തിയത്. ഷിയാസ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയും ചെയ്തു.

Exit mobile version