ശ്രീകുമാറിന്റെ ഭാര്യയ്ക്ക് ജോലി, കുടുംബത്തിന് 15 ലക്ഷവും; ജീവനൊടുക്കിയതില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്, പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

തിരുവനന്തപുരം: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ശ്രീകുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സ്‌കൂള്‍ മാനേജ്‌മെന്റ്. 15 ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും മാനേജ്‌മെന്റ് അറിയിക്കുന്നു. സ്‌കൂള്‍ മാനേജ്മെന്റുമായി സബ് കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്.

ഇതിനെല്ലാം പുറമെ, ശ്രീകുമാറിന്റെ കുടുംബത്തിന് പതിനായിരം രൂപ എല്ലാമാസവും പെന്‍ഷന്‍ നല്‍കുമെന്നും പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കാമെന്നും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്. അതേസമയം, ശ്രീകുമാറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തിരുവനന്തപുരം മരതൂര്‍ സ്വദേശി ശ്രീകുമാറാണ് തിങ്കളാഴ്ച രാവിലെയോടെ തീകൊളുത്തി ജീവനൊടുക്കിയത്. സ്‌കൂളിനു സമീപം സ്വന്തം ഓട്ടോയില്‍ ഇരുന്ന് തീ കൊളുത്തുകയായിരുന്നു. ജോലി നഷ്ടപ്പെട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് സഹപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കും പോലീസിനും കളക്ടര്‍ക്കും കത്തെഴുതി സഹപ്രവര്‍ത്തകനെ ഏല്‍പ്പിച്ച ശേഷമാണ് ശ്രീകുമാര്‍ ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ പതിനാറ് വര്‍ഷമായി കരിയകം ചെമ്പക സ്‌കൂളിലെ ജീവനക്കാരനായിരുന്നു ശ്രീകുമാര്‍. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ വന്നതോടെ ഡ്രൈവര്‍മാരും ആയമാരും ഉള്‍പ്പടെ 86 പേരെയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഇതിന്റെ ഭാഗമായി ശ്രീകുമാറിനും ഇതേ സ്‌കൂളിലെ ആയയായ ശ്രീകുമാറിന്റെ ഭാര്യയ്ക്കും ജോലി നഷ്ടപ്പെട്ടിരുന്നു.

Exit mobile version