ഈ ലൈറ്റില്ലാത്ത റോഡുകളിലേക്ക് ആണോ സ്ത്രീകൾ ഇറങ്ങി നടക്കേണ്ടത്? നല്ല റോഡുകൾ ഭരണ ഘടനാ അവകാശം: വിമർശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയിൽ കലി പൂണ്ട് ഹൈക്കോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ ഹൈക്കോടതി സ്ത്രീകൾ രാത്രിയിൽ പുറത്തിറങ്ങൂവെന്ന് ആഹ്വാനം ചെയ്യുന്നതിനെയും പരിഹസിച്ചു. രാത്രി കാലങ്ങളിൽ സ്ത്രീകളോട് പുറത്ത് ഇറങ്ങി നടക്കാനാണ് സർക്കാർ പറയുന്നത്. എന്നാൽ, കൃത്യമായ ലൈറ്റ് പോലും ഇല്ലാത്ത റോഡിലേക്കാണോ സർക്കാർ സ്ത്രീകളോട് രാത്രി ഇറങ്ങി നടക്കാൻ പറയുന്നതെന്ന് കോടതി ആരാഞ്ഞു.

സംസ്ഥാനത്ത് നല്ല റോഡ് ഇല്ലാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നും നല്ല റോഡ് ഉണ്ടാകുക എന്നത് ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. എല്ലാ വർഷവും റോഡ് നന്നാക്കുക എന്നത് ശീലമാക്കുന്നു. അങ്ങനെ റോഡ് നന്നാക്കുന്നതിനിടെ ഗുണം ചിലർക്ക് കിട്ടുന്നു. റോഡപകടത്തിൽ മരിക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം എന്നും കോടതി നിർദേശിച്ചു.

അതേസമയം, റോഡുകളുടെ മോശം അവസ്ഥയ്ക്ക് ഉദ്യോഗസ്ഥരെ ഉത്തരവാദികൾ ആക്കുന്ന വിഷയത്തിൽ സർക്കാരുമായി ചർച്ച നടത്താമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നേരത്തെ, കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസെടുക്കാൻ ഉത്തരവിട്ടത്.

Exit mobile version