പ്രമേയം ചട്ടപ്രകാരം അനുവദനീയം, സ്പീക്കറും പിന്തുണച്ചു; പ്രമേയം തള്ളിയതില്‍ പ്രതിഷേധിച്ച് രമേശ് ചെന്നിത്തല

കാര്യോപദേശക സമിതിയോഗത്തില്‍ സ്പീക്കറെ തള്ളിപ്പറയുകയാണ് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍ ചെയ്‌തെന്ന് ചെന്നിത്തല വിമര്‍ശിച്ചു.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി തള്ളിയതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് തള്ളിയത്. നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു പറഞ്ഞു. ഗവര്‍ണരും സര്‍ക്കാരും തമ്മില്‍ ഒത്തുകളിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ ആകില്ലെന്നും ചെന്നിത്തല പറയുന്നു.

നോട്ടീസിനെ പിന്തുണച്ചാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സംസാരിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങളെ മറികടന്ന് പാസാക്കിയ പൗരത്വ ഭേഗദതി നിയമം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്താണ് പ്രതിപക്ഷം പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ ഗവര്‍ണറെ തിരിച്ചുവിളിക്കുക എന്നത് നിയമത്തിലോ ചട്ടത്തിലോ ഇല്ല, അങ്ങനെയൊരു വിഷയത്തിലെ പ്രമേയം നിയമസഭയില്‍ അനുവദിക്കാനാകില്ല, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്‌നത്തെ രൂക്ഷമാക്കി ഭരണസ്തംഭനമുണ്ടാക്കാനില്ലെന്നുമാണ് മന്ത്രി എകെ ബാലന്‍ പറഞ്ഞത്.

എന്നാല്‍ കാര്യോപദേശക സമിതിയോഗത്തില്‍ സ്പീക്കറെ തള്ളിപ്പറയുകയാണ് പാര്‍ലമെന്ററി കാര്യമന്ത്രി എകെ ബാലന്‍ ചെയ്‌തെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ഗവര്‍ണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണമെന്നും രമേശ് ചെന്നിത്തല പറയുന്നു. കീഴ് വഴക്കം ഇല്ലെന്ന സര്‍ക്കാര്‍ വാദത്തേയും പ്രതിപക്ഷ നേതാവ് തള്ളി. ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കിയതിന്റെ കീഴ് വഴക്കവും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കീഴ് വഴക്കം ഉണ്ടാകുകയല്ല ഉണ്ടാക്കുകയാണ് വേണ്ടതെന്നും ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുട്ടുമടക്കിയെന്നും ചെന്നിത്തല തുറന്നടിച്ചു.

നോട്ടീസ് പരിഗണിച്ച സ്പീക്കണെ പോലും തള്ളിയാണ് നിയമമന്ത്രി നിലപാടെടുത്തത്. മൂന്നിന് ചേരുന്ന സഭാ സമ്മേളനത്തില്‍ പ്രശ്‌നം വീണ്ടും ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ തീരുമാനം എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രമേയം പാസായാല്‍ ഭരണ പ്രതിസന്ധിയുണ്ടാകുമെന്ന സര്‍ക്കാര്‍ വാദം വിചിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version