കേരളത്തിലെ കൊറോണ പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം ആലപ്പുഴയിൽ; വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹകരണം

ആലപ്പുഴ: കേരളത്തിൽ കൊറോണ വൈറസ് പരിശോധനയ്ക്കുള്ള ആദ്യ സംവിധാനം രണ്ടുദിവസത്തിനുള്ളിൽ ആലപ്പുഴയിൽ ഒരുങ്ങും. വൈറസിനെ തിരിച്ചറിയുന്നതിനുള്ള പരിശോധനയ്ക്കുള്ള ക്രമീകരണമാണ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരുങ്ങുന്നത്. ഇവിടെ വൈറസ് പരിശോധനയ്ക്ക് ചൈനയുടെ സഹകരണവുമുണ്ടാകും. പുണെയിലെ കേന്ദ്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.

നിപ്പ, ചിക്കുൻഗുനിയ ഉൾപ്പെടെ അടുത്ത കാലത്തുണ്ടായ എല്ലാ വൈറസ് രോഗങ്ങളുടെയും പരിശോധനയ്ക്കുള്ള സംവിധാനം ഇവിടെ ഉണ്ട്. ഇതിനുപുറമേയാണ് കൊറോണയ്ക്കുള്ള സൗകര്യവും ഒരുക്കുന്നത്. കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പരിശോധനയ്ക്കും ചികിത്സയ്ക്കും പ്രത്യേക സഹായം നൽകണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. ഇതിനെത്തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ ആലപ്പുഴയിൽ ക്രമീകരണങ്ങളൊരുക്കുന്നത്. കേരളത്തിലെ പരിശോധനയും ചികിത്സയും കേന്ദ്ര ആരോഗ്യന്ത്രാലയം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശപ്രകാരം വിദഗ്ധ ഡോക്ടർമാരുടെ സംഘം ഉടൻ കേരളത്തിലെത്തും.

Exit mobile version