രക്തം കൊണ്ടോ മതം കൊണ്ടോ അല്ല പൗരത്വം നിർണയിക്കേണ്ടത്; വർഗീയവത്കരണത്തിന് എതിരെ ഇന്ത്യൻ യുവത്വം ശബ്ദമുയർത്തണം: ശശി തരൂർ

തിരുവനന്തപുരം: ഒരാളുടെ പൗരത്വം നിർണയിക്കേണ്ടത് രക്തം കൊണ്ടോ മതം കൊണ്ടോ അല്ലെന്ന് ശശി തരൂർ എംപി. മതനിരപേക്ഷതയിലും സഹിഷ്ണുതയിലും ഊന്നി വളർന്ന രാജ്യമാണ് ഇന്ത്യ. മൂവായിരം വർഷങ്ങൾക്ക് മുൻപ് ആര്യന്മാർ ഭരിച്ചിരുന്ന സാമ്രാജ്യത്തിൽ, പിൽക്കാലത്ത് മായാവതിയെന്ന ഒരു ദളിത് വനിത അധികാരത്തിലെത്തുമെന്ന് അന്നാരും കരുതിയിരിക്കില്ലെന്നും മാതൃഭൂമിയുടെ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

നിങ്ങൾ ഒരു മുസൽമാനാകാം, ഹിന്ദുവാകാം, കേരളീയനാകാം ഇതെല്ലാം ചേർന്ന് സർവോപരി ഒരു ഇന്ത്യക്കാരനുമാവും. ഓരോ വിഭിന്ന സ്വരത്തെയും ആശയങ്ങളെയും സ്വീകരിക്കാൻ സന്നദ്ധരാകുമ്പോഴാണ് ഇന്ത്യ മികച്ച ഒരു പക്വതയാർജിച്ച ജനാധിപത്യ രാജ്യമാകുന്നത്. ഒരാളെ ഇഷ്ടപ്പെടാം, വെറുക്കാം. പക്ഷേ അത് നിർവചിക്കാനുള്ള അവകാശമില്ല. മതത്തിനും രക്തബന്ധത്തിനുമുപരി ആ സ്വീകാര്യതയും ബഹുമാനവുമാണ് ഒരു ഇന്ത്യക്കാരനെ നിർവചിക്കുന്നത്.

രക്തം കൊണ്ടോ മതം കൊണ്ടോ അല്ല പൗരത്വം നിർണയിക്കപ്പെടേണ്ടത്. വൈവിധ്യാത്മകതയിൽ വിശ്വസിച്ചു പോന്നിരുന്ന പരസ്പര ബഹുമാനം പാലിച്ചു പോന്നിരുന്ന ഒരു ജനാധിപത്യരാജ്യത്ത് മതത്തിന്റെ പേരിൽ നടക്കുന്ന വർഗീയവത്കരണത്തിനെതിരെ ഇന്ത്യൻ യുവത്വം ശബ്ദമുയർത്തുന്നതാണ് നമ്മൾ ജെഎൻയുവിലും ജാമിയ മിലിയയിലും ഷഹീൻബാഗിലുമെല്ലാം കാണുന്നതെന്നു ശശി തരൂർ പറഞ്ഞു.

Exit mobile version