ഗവർണറെ തടഞ്ഞ സംഭവത്തിൽ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ നടപടിയില്ല; വാച്ച് ആന്റ് വാർഡ് കൈയ്യേറ്റം ചെയ്‌തെന്ന പരാതി അന്വേഷിക്കും: സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവർണറെ തടഞ്ഞ പ്രതിപക്ഷാംഗങ്ങൾക്ക് എതിരെ ഇപ്പോൾ നടപടിയെ കുറിച്ച് ഒന്നും ആലോചിക്കുന്നില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. എന്നാൽ ഗവർണറെ തടയുന്ന രീതിയിലേക്ക് പ്രതിപക്ഷാംഗങ്ങൾ പോകരുതെന്നായിരുന്നു എന്നാണ് തന്റെ അഭിപ്രായമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു.

പ്രതിപക്ഷത്തിന് നേരെ വാച്ച് ആന്റ് വാർഡിനെ ഉപയോഗിക്കാൻ താൻ നിർദേശം നൽകിയിട്ടില്ല. വാച്ച് ആന്റ് വാർഡ് പ്രതിപക്ഷാംഗങ്ങളെ കൈയേറ്റം ചെയ്‌തെന്ന പരാതി വിശദമായി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിക്കൊണ്ടാണ്, പൗരത്വ നിയമഭേദഗതിക്ക് എതിരായ വിമർശനങ്ങളുള്ള നയപ്രഖ്യാപനപ്രസംഗത്തിന്റെ 18-ാം ഖണ്ഡിക വായിച്ചത്. ഇതിൽ ഗവർണർ വിയോജിപ്പ് രേഖപ്പെടുത്തിയത് സഭാരേഖകളിൽ ഉൾപ്പെടുത്തില്ലെന്നും, നയപ്രഖ്യാപനം മാത്രം പൂർണ്ണരൂപത്തിൽ ഉൾപ്പെടുത്തുമെന്നും സ്പീക്കർ വ്യക്തമാക്കി.

ബജറ്റ് സമ്മേളനം തുടങ്ങുന്ന ബുധനാഴ്ച രാവിലെയും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസുമായി ഈ വിഷയത്തിൽ ചർച്ചകൾ നടന്നിരുന്നു. അനാവശ്യപ്രതിസന്ധികൾ ഒഴിവാക്കാൻ ഈ ഭാഗം വായിക്കാതെ വിടരുതെന്ന് രാവിലേയും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നതിനാലാണ് തൽക്കാലം വ്യക്തിപരമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശങ്ങൾ വായിക്കാമെന്ന് ഗവർണർ തീരുമാനിച്ചത്.

Exit mobile version