ഗവർണറുടെ സുരക്ഷ വർധിപ്പിച്ചു; ഇനി മുതൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ് ഭവന് മുന്നിൽ ബോർഡ്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ എതിരായതോടെ ഗവർണറുടെ സുരക്ഷ വർധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഏർപ്പെടുത്തിയത്. ബുധനാഴ്ച മുതലാണ് സുരക്ഷ വർധിപ്പിച്ചത്. ഇതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കിയും മാറ്റി.

ഇക്കാര്യം വ്യക്തമാക്കുന്ന ബോർഡും രാജ്ഭവന് മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്ക് മാത്രം അമ്പതോളം ഉദ്യോഗസ്ഥരാണ് ഇനിമുതൽ ഗവർണർക്കൊപ്പം ഉണ്ടാവുക. നേരത്തെ ഇസഡ് കാറ്റഗറിയിലാണ് ഗവർണർക്ക് സുരക്ഷ ഒരുക്കിയിരുന്നത്. എന്നാൽ പൗരത്വ നിയമ ഭേദഗതി വിഷയത്തിൽ അദ്ദേഹത്തിനെതിരെ സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധങ്ങളുണ്ടായിരുന്നു. ഗവർണർ പങ്കെടുത്ത ചടങ്ങുകളിൽ തുടർച്ചയായി കരിങ്കൊടി പ്രതിഷേധവും അരങ്ങേറി. ഈ സാഹചര്യത്തിലാണ് ഗവർണറുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനമായത്.

Exit mobile version