ബിജെപി കേന്ദ്ര നേതൃത്വത്തിലേക്ക് കേരളത്തിൽ നിന്നും കൂടുതൽ നേതാക്കൾ; സംസ്ഥാന അധ്യക്ഷൻ ഉടൻ

കൊല്ലം: ബിജെപി ജില്ലാ ഭാരവാഹികളെ ചൊല്ലി തർക്കം നിലനിൽക്കുന്നതിനിടെ ആശ്വാസവുമായി കേന്ദ്ര നേതൃത്വത്തിന്റെ പ്രഖ്യാപനം. കേരളത്തിൽ നിന്നും കൂടുതൽ നേതാക്കളെ കേന്ദ്ര നേതൃത്വത്തിലേക്ക് പരിഗണിക്കുന്നു എന്നാണ് സൂചന. ആർഎസ്എസിന്റെ താൽപര്യപ്രകാരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും തെലങ്കാനയുടെ ചുമതലവഹിക്കുന്ന പികെ കൃഷ്ണദാസുമാണ് ദേശീയ ഭാരവാഹികളാകുക. ഇവരുടെ പേരുകൾ ഔദ്യോഗികമായി അറിയിക്കുന്നതിന് ഒപ്പം സംസ്ഥാന പ്രസിഡന്റ്‌ന്റെ പേരും പ്രഖ്യാപിക്കും.

ഇക്കാര്യങ്ങളിൽ ഫെബ്രുവരി 10നു മുമ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇതിനുപുറമേ, സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എംടി രമേശ് വന്നാൽ കെ സുരേന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് പരിഗണിക്കും. സുരേന്ദ്രനാണ് പ്രസിഡന്റെങ്കിൽ രമേശിന് ദേശീയ ഭാരവാഹിത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എഎൻ രാധാകൃഷ്ണനെ ദേശീയ നിർവാഹകസമിതിയിലേക്കും ശോഭാ സുരേന്ദ്രനെ മഹിളാമോർച്ചയുടെ ദേശീയ നേതൃത്വത്തിലേക്കും പരിഗണിക്കുന്നുണ്ട്. പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് രമേശായാലും സുരേന്ദ്രനായാലും സംസ്ഥാന ഭാരവാഹിപ്പട്ടികയിൽ പുതുമുഖങ്ങൾക്ക് മുൻതൂക്കമുണ്ടാകും.

തർക്കംമൂലം തടഞ്ഞുവെച്ചിരിക്കുന്ന കോട്ടയം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലാ പ്രസിഡന്റുമാരുടെ പ്രഖ്യാപനം പുതിയ സംസ്ഥാന പ്രസിഡന്റ് വന്നശേഷമേ ഉണ്ടാകൂവെന്നാണ് നേതൃത്വം നൽകുന്ന സൂചന.

Exit mobile version