കെഎം ബഷീറിനെ വാഹനമോടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കാൻ ശുപാർശ

തിരുവനന്തപുരം: മ്യൂസിയം ജങ്ഷനിൽ വെച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സർവ്വീസിൽ തിരിച്ചെടുക്കണമെന്ന് ശുപാർശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരിക്കുന്നത്.

കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ കമ്മീഷനെ സർക്കാർ നേരത്തെ നിയമിച്ചിരുന്നു. ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് മൂന്ന് ദിവസത്തിനുള്ളിൽ വരാനിരിക്കുന്നതിനിടെയാണ് പെട്ടെന്നുള്ള ശുപാർശ.

സസ്‌പെൻഷൻ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് ശ്രീറാമിനെ തിരിച്ചെടുക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. പോലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാലും സസ്‌പെൻഷൻ കാലാവധി ആറ് മാസം പിന്നിടുകയും ചെയ്ത സാഹചര്യത്തിൽ സസ്‌പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീറാമിന് വേണമെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാമെന്ന് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ സർക്കാരിന്റെ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം ഉയരുകയാണ്. ശ്രീറാമിന് വേണ്ടി ഉദ്യോഗസ്ഥ തലത്തിൽ നിന്നും ശക്തമായ വാദങ്ങൾ ഉയരുന്നുണ്ടെന്നാണ് സൂചന.

2019 ഓഗസ്റ്റ് മൂന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന മലപ്പുറം സ്വദേശി കെഎം ബഷീർ കൊല്ലപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ, അന്നു സർവ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സർക്കാർ സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഈ കേസിൽ പോലീസ് ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റപത്രം സമർപ്പിച്ചിരുന്നുവെങ്കിൽ ചട്ടപ്രകാരം സസ്‌പെൻഷൻ റദ്ദാക്കാൻ സാധിക്കുമായിരുന്നില്ല. അപകടം നടക്കുമ്പോൾ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നൽകിയിരുന്ന വിശദീകരണം.

Exit mobile version