ശബരിമലയിലെ നിരോധനാജ്ഞ; നിലയ്ക്കലില്‍ ഇന്ന് ബിജെപി നിരോധനാജ്ഞ ലംഘിക്കും

കേരളത്തില്‍ പോലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനുള്ള ആഹ്വാനം.

നിലയ്ക്കല്‍: ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നതില്‍ പ്രതിഷേധവുമായി ബിജെപി. ഇതിന്റെ ഭാഗമായി ഇന്ന് നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താനാണ് നീക്കം. ഇതിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ കൂടുതല്‍ സമരങ്ങള്‍ക്കും ബിജെപി തയ്യാറെടുക്കുന്നുണ്ട്. കേരളത്തില്‍ പോലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക പ്രതിഷേധത്തിനുള്ള ആഹ്വാനം.

സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച 82 പേരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. നടയടയ്ക്കുന്നതിന് തൊട്ടുമുമ്പായിരുന്നു സന്നിധാനത്തെ അപ്രതീക്ഷിത പ്രതിഷേധം. പതിനെട്ടാം പടിക്ക് പരിസരത്തും വാവര്‍ നടയ്ക്ക് മുന്നിലെ പോലീസ് ബാരിക്കേടിനുള്ളില്‍ കടന്നും നാമം വിളിച്ച 89 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെജി കണ്ണന്‍ അടക്കമുള്ളവര്‍ പിടിയിലായ സംഘത്തിലുണ്ട്.

നിരോധനാജ്ഞ ലംഘിച്ചു, മാര്‍ഗ്ഗതടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് ഇവരുടെ പേരില്‍ ചുമത്തിയിട്ടുള്ളത്. ഇവരെ പമ്പയില്‍ നിന്ന് രണ്ടു ബസുകളിലായി മണിയാര്‍ എ ആര്‍ ക്യാംപിലേക്ക് മാറ്റി. അറസ്റ്റിലായവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Exit mobile version