പോപ്പുലര്‍ ഫ്രണ്ടിന്റെ മെഗാഫോണായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും മാറി: പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു വാങ്ങിയ പണത്തിന്റെ നന്ദിയാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയം; വിമര്‍ശിച്ച് എംടി രമേശ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ടാണ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന് ആരോപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. ആഭ്യന്തര സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെന്നും, ദേശവിരുദ്ധ ശക്തികളുടെ പ്ലാറ്റ്‌ഫോമായി പൗരത്വ വിരുദ്ധ പ്രക്ഷോഭം മാറുകയാണെന്നും എംടി രമേശ് പറഞ്ഞു.

പൗരത്വ നിയമത്തിനെതിരായി മുസ്ലീംലീഗും ടിഎന്‍ പ്രതാപനും സുപ്രീംകോടതിയില്‍ പോയിരുന്നു. ഇവര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബലിന് ഫീസ് നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ ബിനാമികളായി ഈ നേതാക്കള്‍ പൗരത്വനിയമത്തിനെതിരെ കേസ് കൊടുക്കുകയാണ് ചെയ്യുന്നത്. ഇന്ത്യ വിരുദ്ധ കലാപമാണ് പോപ്പുലര്‍ ഫ്രണ്ട് നടത്തുന്നതെന്നും എംടി രമേശ് പറഞ്ഞു.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും പോപ്പുലര്‍ ഫ്രണ്ടിന്റെ മെഗാ ഫോണായി മാറുകയാണെന്നും എംടി രമേശ് ആരോപിച്ചു. മുസ്ലിം വോട്ട് കിട്ടാനുള്ള മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നു വാങ്ങിയ പണത്തിന്റെ നന്ദിയാണ് ഗവര്‍ണര്‍ക്കെതിരായ പ്രമേയമെന്നും രാജ്യദ്രോഹ ശക്തികളുടെ പണം കൈപ്പറ്റുന്ന ആട്ടിന്‍തോലണിഞ്ഞ രാഷ്ട്രീയക്കാരെ കേരളം തിരിച്ചറിയണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.

Exit mobile version