നിസ്സഹകരിച്ച ലീഗിനും യുഡിഎഫിനും പുല്ലുവില കൽപ്പിച്ച് ന്യൂനപക്ഷങ്ങൾ;സുന്നി-മുജാഹിദ് ക്രൈസ്തവ വിഭാഗങ്ങളുടെ കൂട്ടായ്മയായി മാറി മനുഷ്യ ശൃംഖല

തൃശ്ശൂർ: പൗരത്വ നിയമഭേദഗതിക്ക് എതിരെ ഏറ്റവും ശക്തമായി നിലപാടെടുത്ത കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയ്ക്കും ന്യൂനപക്ഷങ്ങൾക്കിടയിലെ പൊതുസമ്മതിക്കും ഉദാഹരണം കൂടിയായി മാറി മനുഷ്യ മഹാശൃംഖല. യുഡിഎഫും മുസ്ലിം ലീഗും നിസ്സഹകരണം പ്രഖ്യാപിച്ചെങ്കിലും അവരെ തുണക്കുന്ന സമുദായ സംഘടനകളും അണികളും നിരനിരയായി മനുഷ്യശൃംഖലയ്ക്ക് എത്തിയപ്പോൾ തളർന്നത് പ്രതിപക്ഷം തന്നെയാണ്. മനുഷ്യശൃംഖലയിൽ കെ സുന്നി,മുജാഹിദ് ക്രൈസ്തവവിഭാഗങ്ങളെ പങ്കെടുപ്പിക്കാനായത് സർക്കാരിനും അത് വഴി സിപിഎമ്മിനും തന്നെ വലിയ നേട്ടമായി.

പൊതുവെ യുഡിഎഫിന്റെ വോട്ട് ബാങ്കെന്ന് വിശേഷിപ്പിക്കുന്ന ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തേക്ക് ചാഞ്ഞത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുൻപെ തന്നെ യുഡിഎഫിന് ലഭിച്ച വലിയ തിരിച്ചടിയായി. കോഴിക്കോട് നടന്ന മനുഷ്യശൃംഖലയിൽ ലീഗ് വോട്ട് ബാങ്കിന്റെ നട്ടെല്ലായ മുജാഹിദ് ഇകെ സുന്നി നേതാക്കൾ തന്നെ നേരിട്ട് പങ്കെടുത്തു. വിയോജിപ്പുകൾ മാറ്റിവെക്കണമെന്ന് പ്രസംഗത്തിനിടെ ഇകെ സുന്നി നേതാക്കൾ പറഞ്ഞത് മുസ്ലിം വിഭാഗത്തിന്റെ രക്ഷകരെന്ന് സ്വയം അഭിമാനിക്കുന്ന മുസ്ലിം ലീഗിന് താക്കീതുമായി. ആകെ ലീഗിന് ആശ്വസിക്കാൻ വക നൽകിയത് മലപ്പുറത്ത് പ്രമുഖ സുന്നി നേതാക്കളൊന്നും മനുഷ്യ ശൃംഖലയ്ക്ക് എത്തിയില്ല എന്നത് മാത്രമാണ്. എന്നാൽ പ്രമുഖ നേതാക്കൽ എത്തിയില്ലെങ്കിലും അണികളും സംഘടനകളും മടിക്കാതെ മനുഷ്യ ചങ്ങല തീർത്തു.

സിപിഎമ്മിനോടൊപ്പം നിൽക്കുന്ന എപി സുന്നി നേതാക്കൾ മിക്കയിടങ്ങളിലും ശൃംഖലയിൽ സജീവമായി പങ്കെടുത്തു. തെക്കൻ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ മുഖമായ പാളയം ഇമാം ശൃംഖലയിൽ അണിചർന്നതും ശ്രദ്ധേയമായി. മധ്യകേരളത്തിൽ കൊച്ചി, തൃശൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ ക്രൈസ്തവ സഭാനേതാക്കളും കന്യാസ്ത്രീകളും വൈദികരും ശൃംഖലയിൽ പങ്കാളികളായി. ഇതോടെ സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായതോടെ വരുന്ന തെരഞ്ഞെടുപ്പിൽ എന്ത് ചെയ്യുമെന്നാണ് യുഡിഎഫിൽ പുകയുന്ന തലവേദന. സമരത്തിന്റെ കാര്യത്തിൽ ലീഗും കോൺഗ്രസും സർക്കാരുമായി ഇടഞ്ഞത് എൽഡിഎഫ് നേട്ടവും യുഡിഎഫിന്റെ തകർച്ചയും മുന്നിൽ കണ്ടാണ്.

Exit mobile version