നേപ്പാള്‍ ‘മുതല്‍ ‘കുറ്റിപ്പുറം’ വരെ കളവു പറയുന്നയാള്‍ നമ്മുടെ വിദേശകാര്യ സഹമന്ത്രി; വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വ. സുഭാഷ് ചന്ദ്രന്‍

തൃശ്ശൂര്‍: കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാള്‍ ദുരന്തത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. കെആര്‍ സുഭാഷ് ചന്ദ്രന്‍ രംഗത്ത്. അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് സ്വതന്ത്ര ഫണ്ട് ഉണ്ടെന്നിരിക്കെ നേപ്പാള്‍ അപകടത്തിലെ ഇരകളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ചെലവ് വഹിക്കാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം കടുത്ത അനീതി തന്നെയാണ് കാട്ടിയതെന്ന് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

വിമുരളീധരന്റെ പേജ് തിരഞ്ഞപ്പോഴാണ് ‘ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’യെന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം, കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാള്‍ ദുരന്തത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയും കൃത്യവിലോപവും ശ്രദ്ധയില്‍പ്പെട്ടതെന്ന് സുഭാഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നാലു കുഞ്ഞുങ്ങളുള്‍പ്പടെ എട്ടു മലയാളികള്‍ ദാരുണമായി കൊല്ലപ്പെട്ട ദുരന്തത്തിന്റെ വേദനയില്‍ നിന്നും മന:സാക്ഷിയുള്ള മനുഷ്യരൊന്നും ഇനിയും മുക്തരായിട്ടില്ല. ഇതിനിടയില്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച മലയാള മാധ്യമങ്ങള്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടേയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റേയും ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി എംബസി ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണം പോലും നിലനില്‍ക്കുന്നുവെന്നും സുഭാഷ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

വിവാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക റൂട്ട്‌സാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചിലവ് വഹിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമായത് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വഹിക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നോര്‍ക്ക ആ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണെന്നും സുഭാഷ് ചന്ദ്രന്‍ കുറിച്ചു.

പക്ഷഭേദമില്ലാതെ ഊര്‍ജ്ജസ്വലവും നീതിപൂര്‍വ്വവുമായ ഇടപെടലുകളിലൂടെ പ്രവാസി ഇന്ത്യക്കാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ശ്രീമതി സുഷമ സ്വരാജ് കൈകാര്യം ചെയ്യുന്ന വകുപ്പാണ് താങ്കള്‍ കൈകാര്യം ചെയ്യുന്നതെന്ന് മറക്കരുതെന്നും വര്‍ഗ്ഗീയ പ്രസ്താവനകള്‍ക്കും വിഭജനതന്ത്രങ്ങള്‍ക്കുമായി മാറ്റിവെക്കുന്ന സമയം മാത്രം മതി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്ഷേമപദ്ധതികള്‍ കൈകാര്യം ചെയ്യുവാനുമെന്ന് വിനീതപൂര്‍വ്വം ഓര്‍മ്മപ്പെടുത്തട്ടെയെന്നും മുരളീധരനോട് സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

സുഭാഷ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘നേപ്പാള്‍ ‘മുതല്‍ ‘കുറ്റിപ്പുറം’ വരെ കളവു പറയുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

കുറ്റിപ്പുറം പഞ്ചായത്തിലെ കുടിവെള്ളവുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളെയും മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ ശോഭ കരന്തലജെയും ന്യായീകരിച്ചു കൊണ്ട് ആഖജ നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി.മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്തുത വിഷയത്തില്‍ കേരള പോലീസ് പ്രാഥമിക അന്വേഷണം നടത്തി, BJP നേതാക്കള്‍ ബോധപൂര്‍വ്വം സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്ന് ബോധ്യപ്പെട്ടതിനാല്‍ കേസെടുത്തിട്ടുണ്ട് എന്നതിനാല്‍ കൂടുതല്‍ മറുപടി അര്‍ഹിക്കുന്നില്ല;

നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ !എന്നാല്‍ പ്രസ്തുത പ്രതികരണം വായിക്കാനായി വി.മുരളീധരന്റെ പേജ് തിരഞ്ഞപ്പോഴാണ് ‘ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി’യെന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം, കഴിഞ്ഞ ദിവസം സംഭവിച്ച നേപ്പാള്‍ ദുരന്തത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഗുരുതര വീഴ്ചയും കൃത്യവിലോപവും ശ്രദ്ധയില്‍പ്പെട്ടത്.

നാലു കുഞ്ഞുങ്ങളുള്‍പ്പടെ എട്ടു മലയാളികള്‍ ദാരുണമായി കൊല്ലപ്പെട്ട ദുരന്തത്തിന്റെ വേദനയില്‍ നിന്നും മന:സാക്ഷിയുള്ള മനുഷ്യരൊന്നും ഇനിയും മുക്തരായിട്ടില്ല. ഇതിനിടയില്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ച മലയാള മാധ്യമങ്ങള്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുടേയും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റേയും ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായി എംബസി ഉദ്യോഗസ്ഥര്‍ പണം ആവശ്യപ്പെട്ടെന്ന ആരോപണം പോലും നിലനില്‍ക്കുന്നു.

വിവാദങ്ങള്‍ക്കിടെ സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള നോര്‍ക്ക റൂട്ട്‌സാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചിലവ് വഹിച്ചത്. പ്രസ്തുത വിവാദ വാര്‍ത്തകളെ തള്ളി ജനുവരി 23 ന് വി.മുരളീധരന്‍ നല്‍കിയ പ്രതികരണത്തില്‍ നോര്‍ക്ക ചിലവു വഹിക്കുമെന്ന് കേരള സര്‍ക്കാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതായി അവകാശപ്പെടുന്നു.അതുകൊണ്ടു മാത്രമാണ് വിദേശകാര്യ മന്ത്രാലയം സാമ്പത്തിക ചിലവ് വഹിക്കാത്തതെന്നും വിദേശകാര്യ സഹമന്ത്രി അവകാശപ്പെടുന്നുണ്ട്.

ദുരന്തമുണ്ടായ ജനുവരി 21ന് വി.മുരളീധരന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അവകാശപ്പെട്ടിരിക്കുന്നത് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അവശ്യമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നാണ്.വ്യക്തിപരമായി ലഭിച്ച വിവരങ്ങളില്‍ നിന്നും മാധ്യമ വാര്‍ത്തകളില്‍ നിന്നും വ്യക്തമായത് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത വഹിക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് നോര്‍ക്ക ആ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നാണ്.

അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ എംബസികള്‍ക്ക് സ്വതന്ത്ര ഫണ്ട് ഉണ്ടെന്നിരിക്കെയാണ് നേപ്പാള്‍ അപകടത്തിലെ ഇരകളോട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കടുത്ത അനീതി തന്നെയാണ് കാട്ടിയത്.ആഖജ നേതാവായിരുന്നിട്ടുപോലും പക്ഷഭേദമില്ലാതെ ഊര്‍ജ്ജസ്വലവും നീതിപൂര്‍വ്വവുമായ ഇടപെടലുകളിലൂടെ പ്രവാസി ഇന്ത്യക്കാരുടെ സ്‌നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയ ശ്രീമതി സുഷമ സ്വരാജ് കൈകാര്യം ചെയ്യുന്ന വകുപ്പാണ് താങ്കള്‍ കൈകാര്യം ചെയ്യുന്നതെന്ന് മറക്കരുത്.

വര്‍ഗ്ഗീയ പ്രസ്താവനകള്‍ക്കും വിഭജനതന്ത്രങ്ങള്‍ക്കുമായി മാറ്റിവെക്കുന്ന സമയം മാത്രം മതി പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ക്ഷേമപദ്ധതികള്‍ കൈകാര്യം ചെയ്യുവാനുമെന്ന് വിനീതപൂര്‍വ്വം ഓര്‍മ്മപ്പെടുത്തട്ടെ!കുവൈറ്റ് എംബസിയില്‍ വെച്ച് ഇന്ത്യന്‍ അംബാസിഡറുടെ ലൈംഗിക പീഡനത്തിനിരയായ ഒരു ഇന്ത്യന്‍ വനിത മാസങ്ങളോളം കാത്തിരുന്നിട്ടും ഒരു കൂടിക്കാഴ്ചക്കു പോലും താങ്കള്‍ സമയമനുവദിച്ചില്ല; ഒടുവില്‍ കോടതി നിര്‍ദ്ദേശപ്രകാരം ദില്ലി ക്രൈംബ്രാഞ്ച് കുവൈറ്റ് അംബാസഡര്‍ക്കെതിരെ

IPC 354, 354 A, 354 B,506 & 509 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം FIR രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുമ്പോഴും ആരോപണ വിധേയന്‍ താങ്കളുടെ വകുപ്പിനു കീഴില്‍ ഇപ്പോഴും സുരക്ഷിതനായി തുടരുന്നു.കൃത്യവിലോപം മറച്ചുവെക്കാന്‍ കളവു പറയുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലാത്തത് താങ്കളുടെ ഭാഗ്യം !അല്ലെങ്കില്‍ ശോഭാ കരന്തലജെ യെപ്പോലെ താങ്കളും കുറ്റിപ്പുറം പോലീസ് സ്റ്റേഷന്റേയും തിരൂര്‍ കോടതിയുടേയും വരാന്തകള്‍ പലവട്ടം കയറിയിറങ്ങിയേനെ!
നബി: കളവും വര്‍ഗ്ഗീയതും പറയുക മാത്രമാണ് താങ്കളുടെ ഉദ്ദേശ്യമെങ്കില്‍ കുറേക്കൂടി ഭേദപ്പെട്ട സോഷ്യല്‍ മീഡിയാ ടീമിനെ വെക്കുന്നത് നന്നാകും.

അഡ്വ.സുഭാഷ് ചന്ദ്രന്‍.കെ.ആര്‍.

Exit mobile version