ഇടത് മുന്നണിയുടെ മനുഷ്യമഹാശൃംഖല ഇന്ന് ; 70 ലക്ഷത്തോളം പേര്‍ അണിനിരക്കും

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പിലാക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന മനുഷ്യ മഹാ ശൃംഖല ഇന്ന് വൈകിട്ട് നാല് മണിക്ക്. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മനുഷ്യ മഹാ ശൃംഖലയില്‍ 70 ലക്ഷത്തോളം പേര്‍ ഭാഗമാകും എന്നാണ് എല്‍ഡിഎഫ് നേതൃത്വം അറിയിച്ചത്.

മുസ്ലീം ലീഗിനേയും കോണ്‍ഗ്രസിനേയും മറ്റ് യുഡിഎഫ് കക്ഷികളേയും എല്‍ഡിഎഫ് പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. അതേ സമയം പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന യുഡിഎഫ് അണികളിലൊരു കൂട്ടം പ്രതിഷേധത്തിന്റെ ഭാഗമാകും എന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.

കാസര്‍കോഡ് നിന്ന് തുടങ്ങുന്ന മനുഷ്യ മഹാ ശൃംഖലയില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിളള ആദ്യ കണ്ണിയാകും. തിരുവനന്തപുരം കളിയിക്കാവിളയില്‍ എംഎ ബേബി അവസാന കണ്ണിയുമാവും. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ കണ്ണി ചേരും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പാളയത്ത് പ്രതിഷേധത്തിന്റെ ഭാഗമാകും. സംസ്ഥാനത്തെ ദേശീയ പാതയോരത്താണ് മനുഷ്യച്ചങ്ങല തീര്‍ക്കുക. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം പൊതുയോഗങ്ങള്‍ ചേരും.

Exit mobile version